കൊച്ചി: ഗാര്‍ഹിക പീഡന പരാതി നല്‍കിയ എൽഎൽബി വിദ്യാർഥിനി ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പർവീൺ (23) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും പൊലീസ് കസ്റ്റഡിയിൽ. ഭര്‍ത്താവ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ കോതമംഗലത്തെ ബന്ധുവീട്ടിൽനിന്ന് ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവം വാർത്തയായതിനു പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണു മോഫിയ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ ഈസ്റ്റ് സിഐ സുധീറിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
സുഹൈലിനും മാതാപിതാക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ മോഫിയയുടെ വീട്ടുകാരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.
പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിനു വീഴ്ച പറ്റിയോ എന്ന കാര്യത്തിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. പരാതി പരിഹരിക്കാൻ സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളിൽ ഉൾപ്പെടെ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആലുവ റൂറല്‍ എസ് പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസ് ഡിസംബര്‍ 27-ന് പരിഗണിക്കും.
Also Read: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിന് കേസ്
സുഹൈലിനെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ പിതാവ് ദിൽഷാദ് സലിം ഉന്നയിച്ചിരിക്കുന്നത്. മകൾക്കു ഭർതൃവീട്ടിൽ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഡനമാണ്. ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു സുഹൈലെന്നും ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് മോഫിയയെ മർദിച്ചെന്നും പിതാവ് പറഞ്ഞു.
സിനിമ നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ നല്‍കാത്തതിന് മോഫിയയുടെ കൈതിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്റ്റേഷനിലെത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് കുട്ടി സഖാവെന്ന് മോഫിയ വിളിക്കുന്നയാളും സിഐയും ചേര്‍ന്നാണെന്ന് പിതാവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.