കൊച്ചി: ഗാര്‍ഹികപീഡന പരാതി നല്കിയ എൽഎൽബി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെയും മാതാപിതാക്കളെയും മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷ ആലുവ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.
സുഹൈലിന്റെ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പരിശോധിക്കണം, വിവാഹ ആൽബം പരിശോധിക്കണം, കോതമംഗലത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ക്രൈംബ്രാഞ്ച് കോടതിക്ക് മുന്നിൽ ബോധിപ്പിച്ചത്. മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ച് സുഹൈലിന്റെ പിതാവ് വിവാഹ മോചനത്തിന് മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയതാണ് പ്രശ്നങ്ങൾ വഷളാവാൻ കാരണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി
സുഹൈലിന്റെ മാതാവിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഇവരെ കസ്റ്റഡിയിൽ നിന്നും ഒഴിവാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം കസ്റ്റഡിയിൽ വിടുകയായിരുന്നു.
കഴിഞ്ഞ 25നാണു കേസ് അന്വേഷണം എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടത്. ഡിവൈഎസ്പി പി.രാജീവിനാണ് അന്വേഷണ ചുമതല. സുഹൈലിനും മാതാപിതാക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മോഫിയ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഭർത്താവും മാതാപിതാക്കളും അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു, ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു, സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ ശരീരത്തിൽ മുറിവേൽപ്പിക്കുകയും മോഫിയയെ മാനസിക രോഗിയെപോലെ കാണുകയും ചെയ്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
Also Read: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടുപേർ മരിച്ചു