scorecardresearch
Latest News

മോഫിയയുടെ മരണം: സിഐക്ക് സസ്‌പെൻഷന്‍; പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് പിതാവ്

നിലവില്‍ മോഫിയ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് പുറമെ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐ സിഎൽ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ഡിജിപി സസ്പെന്‍ഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവില്‍ മോഫിയ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് പുറമെ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു. സുധീറിനെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കു കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു.

സിഐ സുധീറിനെതിരായ നടപടി നീതിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ്. സുധീറിനെ ഇത്രയും നാള്‍ സംരക്ഷിച്ചിരുന്നത് സിപിഎമ്മിന്റെ നേതാവായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. വൈകിയെങ്കിലും നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. സിഐയ്ക്ക് സസ്പെന്‍ഷന്‍ ലഭിച്ചതോടെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെ സമരം കോണ്‍ഗ്രസ് അവസാനിപ്പിച്ചു.

അതേസമയം, സിഐ സുധീറിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് ആവശ്യപ്പെട്ടു. “നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. അദ്ദേഹം വാക്കുപാലിച്ചു. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണം,” ദില്‍ഷാദ് പറഞ്ഞു.

മോഫിയയുടെ മരണം: മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് പിതാവ്

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി വ്യവസായ മന്ത്രി പി.രാജീവ്. മോഫിയയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് നടന്നത്. നേരത്തെ, കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ടു തന്നെ പിതാവിനോട് സംസാരിച്ചു. കടുത്ത നടപടികള്‍ ഈ പ്രശ്നത്തില്‍ എടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എല്ലാ തരത്തിലുള്ള അന്വേഷണവും ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ മുന്നോട്ടു പോകും,” മന്ത്രി പറഞ്ഞു.

“ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുടുംബത്തിനു മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാം. കുടുംബത്തോടും അവരുടെ വികാരത്തോടും ഒപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. ആരോപണ വിധേയനായ സിഐക്കെതിരായ നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. കുടുംബത്തിന് നീതി ഉറപ്പാക്കും. തെറ്റ് ചെയ്തവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാവില്ല,” പി രാജീവ് വ്യക്തമാക്കി.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് പ്രതികരിച്ചു. “സിഐയുടെ സ്ഥലംമാറ്റം പൊലീസിന്റെ നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് പറഞ്ഞത്. നടപടിക്രമങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ നേരിട്ടു വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്,” ദില്‍ഷാദ് പറഞ്ഞു.

മോഫിയ നേരിട്ടത് ക്രൂരപീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

മോഫിയ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടുവെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭർത്താവും മാതാപിതാക്കളും അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ ശരീരത്തിൽ മുറിവേൽപ്പിക്കുകയും മോഫിയയെ മാനസിക രോഗിയെപോലെ കാണുകയും ചെയ്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, മോഫിയയുടെ മരണത്തില്‍ അന്വേഷണം എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈഎസ്‌പി പി.രാജീവിനാണ് അന്വേഷണ ചുമതല. കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

Also Read: മോഫിയയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mofiya parveen death case kerala government kerala police