കൊച്ചി: ഗാര്‍ഹികപീഡന പരാതി നല്‍കിയ എൽഎൽബി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ കേസ്. ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ (23) മരിച്ച കേസിൽ ഭര്‍ത്താവ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർക്കെതിരെ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസെടുത്ത്. മൂന്നു പേരും ഒളിവിലാണെന്നാണ് വിവരം.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ ഈസ്റ്റ് സിഐ സുധീറിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. പരാതിയില്‍ മോഫിയയെയും ഭര്‍ത്താവ് സുഹൈലിനെയും പൊലീസ് ഇന്നലെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. മോഫിയയോട് സിഐ മോശമായി പെരുമാറിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്‌റ്റേഷനില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയശേഷം രാത്രി പത്തോടെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്‌റ്റേഷനില്‍നിന്നു വന്നശേഷം മോഫിയ വാതിലടച്ച് ഇരിക്കുകയായിരുന്നുവെന്നും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണു വീട്ടുകാര്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
തനിക്കു നീതി ലഭിച്ചില്ലെന്നും സിഐക്കെതിരെ നടപടിയെടുക്കണമെന്നും മോഫിയ പര്‍വീണ്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ”പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല. ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവന്‍ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക പ്രശ്‌നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല സുഹൈല്‍. എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാന്‍ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനെന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സിഐയ്ക്ക് എതിരെ നടപടി എടുക്കണം. സുഹൈല്‍, മാതാവ്, പിതാവ് ക്രിമിനലുകള്‍ ആണ്. അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!” കുറിപ്പില്‍ പറയുന്നു.
Also Read: മോഡലുകളുടെ അപകട മരണം; സൈജു നിലവിൽ പ്രതിയല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
അതേസമയം, പരാതി കേള്‍ക്കുന്നതിനായി യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നതായും വാക്കു തര്‍ക്കത്തിനിടെ മോഫിയ ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്നും സ്റ്റേഷനില്‍ ഇത്തരം കാര്യങ്ങള്‍ പാടില്ലെന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണു പൊലീസ് പറയുന്നത്. അതേസമയം, മോഫിയ നല്‍കിയ പരാതി പൊലീസ് കാര്യമായി എടുത്തില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് തന്നോടും മോശമായി പെരുമാറിയതായി മോഫിയയുടെ പിതാവ് ഇർഷാദ് ആരോപിച്ചു.
തൊടുപുഴയിലെ സ്വകാര്യ കോളജില്‍ എല്‍എല്‍ബി മൂന്നാം വർഷ വിദ്യാര്‍ഥിനിയാണു മോഫിയ. പ്രണയവിവാഹമായിരുന്നു മോഫിയ-സുഹൈല്‍ ദമ്പതികളുടേത്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ചിരുന്നതായാണു ബന്ധുക്കളുടെ ആരോപണം. ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മോഫിയ സ്വന്തം വീട്ടിലേക്കു പോന്നിരുന്നു.
അതേസമയം, ആരോപണങ്ങളെത്തുടര്‍ന്ന് സിഐയെ സ്റ്റേഷൻ ചുമതലയില്‍നിന്ന് നീക്കി. മോഫിയ ആത്മഹത്യയെക്കുറിച്ച് ആലുവ ഡിവൈഎസ്പി അന്വേഷിക്കും. ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയതായും യുവതി നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ട് വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷിക്കുമെന്നും എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.
കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്ക് പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആത്മഹത്യ പരിഹാരമല്ല
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ അവരുടെ സേവനങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന കൗൺസലിങ് ഹെൽപ്‌ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും: ഹൈദരാബാദ് ( റോഷ്നി)- 040 790 4646, മുംബൈ (ആസ്ര)-022 2754 6669, ഡൽഹി (സഞ്ജീവനി)- 011-24311918, ചെന്നൈ (സ്നേഹ) – 044- 24640050, ബെംഗളുരൂ (സഹായ്)- 080-25497777