Latest News

ആലുവ ഈസ്റ്റ് സിഐക്കെതിരെ മുൻപും സമാനമായ പരാതി; ഉത്ര കേസിൽ ഗുരുതര വീഴ്ച

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസിലും മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതിന് സുധീർ ആഭ്യന്തര അന്വേഷണം നേരിട്ടിട്ടുണ്ട്

കൊച്ചി: ഗാർഹികപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് വിധേയനായ ആലുവ ഈസ്റ്റ് സിഐക്കെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് സിഐ സുധീർ എന്നും 50,000 രൂപ വാങ്ങി തന്റെ ജീവിതം നശിപ്പിച്ചുവെന്നും ആലുവ സ്വദേശിനിയായ യുവതി പറഞ്ഞു.

ഗാർഹികപീഡന പരാതിയുമായി സമീപിച്ചപ്പോൾ ഭർത്താവിനൊപ്പം ചേർന്ന് കേസ് തേച്ചുമായ്ച്ചു കളയുകയാണ് സിഐ ചെയ്തതെന്നും യുവതി ആരോപിച്ചു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ ആയിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

“സുധീറിന് മനഃസാക്ഷിയില്ല. പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യും. സ്റ്റേഷനിലെത്തിയ എന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ല. ആലുവയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഭര്‍ത്താവ്. എന്റെ പരാതി സ്വീകരിക്കാതിരിക്കാൻ 50000 രൂപയാണ് അവരില്‍ നിന്നും സിഐ വാങ്ങിയത്. ചെറിയ കേസ് അല്ല എന്റേത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ഏഴ് ദിവസമാണ് ഞാൻ ആശുപത്രിയിൽ കിടന്നത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായ്ച്ചു കളഞ്ഞു.” യുവതി പറഞ്ഞു.

തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ സുധീർ ശ്രമിച്ചെന്നും തന്നെ ഒഴുവാക്കിക്കൂടെയെന്ന് ഭർത്താവിനോട് ചോദിച്ചെന്നും യുവതി പറയുന്നു. ഗതികേട് കൊണ്ടാണ് ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. അവിടെയും മോശം അനുഭവം നേരിട്ടാല്‍ എന്ത് ചെയ്യും. തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് അറിഞ്ഞിട്ടാണ് സിഐ ഇങ്ങനെ ചെയ്തത്. എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്. നീതിക്ക് വേണ്ടിയാണ് പൊലീസിനെ സമീപിച്ചത്. നീതി ലഭിച്ചില്ലെന്നും യുവതി പറഞ്ഞു.

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസിലും മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതിന് സുധീർ ആഭ്യന്തര അന്വേഷണം നേരിട്ടിട്ടുണ്ട്. ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ എസ്ഐ, എഎസ്ഐ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വില കൊടുക്കാതെ അലംഭാവം കാണിച്ചെന്നായിരുന്നു സിഐക്ക് എതിരെയുള്ള പരാതി. തുടർന്നാണ് സുധീറിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്.

Also Read: മോഫിയയുടെ മരണം: ഭർത്താവും കുടുംബവും പൊലീസ് കസ്റ്റഡിയിൽ

ഇതുകൂടാതെ അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ സംഭവത്തിലും സുധീറിന് വീഴ്ചകള്‍ സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിച്ചു എന്നതായിരുന്നു പരാതി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണമെന്നും ശുപാർശ ചെയ്ത് അന്ന് കൊല്ലം റൂറൽ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ആലുവ സംഭവത്തിലും സിഐക്ക് എതിരെ ഗുരുതര ആരോപങ്ങളാണ് മോഫിയയുടെ കുടുംബം ആരോപിച്ചിരിക്കുന്നത്. ആത്മഹത്യാ കുറിപ്പിൽ സിഐക്ക് എതിരെ നടപടി വേണമെന്ന് മോഫിയ എഴുതിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mofiya case more allegations against ci sudheer

Next Story
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചുMullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com