കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. കൊച്ചിയിലും തൃശൂരിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. കൊച്ചിയിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം തൃശൂരിൽ യുവമോർച്ച സമ്മേളനത്തിലും പങ്കെടുക്കും.

കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.55ന് എത്തുന്ന  പ്രധാനമന്ത്രി, പിന്നീട് ഹെലികോപ്ടറിൽ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. ഇവിടെ നിന്ന് റോഡ് മാർഗം അദ്ദേഹം കൊച്ചി റിഫൈനറിയിലേക്ക് പോകും.

ബിപിസിഎല്ലിന്റെ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി(ഐആർഇപി) ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. റിഫൈനറിയുടെ മെയിൻ കൺട്രോൾ കൺസോൾ അദ്ദേഹം സന്ദർശിക്കും. റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയിൽ ഉച്ചയ്ക്ക് 2.35നാണ് ഉദ്ഘാടന ചടങ്ങ്.

ചടങ്ങില്‍ ഐആർഇപി പദ്ധതിക്ക് പുറമെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൗണ്ടഡ് ബുള്ളറ്റ് സ്റ്റോറേജും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇതിന് പുറമെ ബി.പി.സി.എൽ – പെട്രോകെമിക്കൽ കോംപ്ളക്‌സ്, പെട്രോളിയം മന്ത്രാലയം ഏറ്റുമാനൂരിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് ക്യാമ്പസ് എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും. കൊച്ചിയിൽ നിന്ന് 3.30ന് ഹെലികോപ്ടറിൽ തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്ത് യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും. 5.45ന് ഹെലികോപ്റ്ററിൽ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.