കൊച്ചി: മുൻ ബിജെപി സർക്കാരിനേക്കാൾ നൂറിലേറെ സീറ്റുകൾ ബിജെപി വിജയിച്ചത് ഹിന്ദുത്വം ഉയർത്തിക്കാട്ടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കൊച്ചിയിൽ കൃതി പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വാജ്‌പേയി നേടിയതിനേക്കാള്‍ നൂറിലേറെ സീറ്റുകള്‍ നേടാന്‍ മോദിക്കായത് ഹിന്ദുത്വം കൊണ്ടല്ല. മറിച്ച് വികസനപാക്കേജ് ഉയര്‍ത്തിക്കാണിച്ചാണ്. എന്നാല്‍ മോദി ഇന്ന് ഉയര്‍ത്തിക്കാണിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് കോണ്‍ഗ്രസ്സാണ്. ആധാര്‍, ചില്ലറ വില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലാ പരിഷ്‌കാരം, തൊഴിലുറപ്പ് പദ്ധതി, ബാങ്ക്‌റപ്റ്റസി നിയമം… എല്ലാത്തിനും അടിത്തറയിട്ടത് കോണ്‍ഗ്രസാണ്. വിവരാവകാശനിയമവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമെല്ലാം കൊണ്ടുവന്നതും കോണ്‍ഗ്രസ്സാണ്.”

‘ആര്‍എസ്എസ്സിലൂടെയല്ലാതെ വളര്‍ന്നു വന്ന സുഷമാ സ്വരാജ് പോലും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയായിരിക്കെ ഫാഷന്‍ ടിവി നിരോധിച്ചു. എന്റെ അഭിപ്രായത്തില്‍ ഇഷ്ടമല്ലാത്ത ചാനല്‍ നിരോധിക്കേണ്ട കാര്യമില്ല, ചാനല്‍ മാറ്റാവുന്നതല്ലേയുള്ളൂ,’ തരൂര്‍ ചോദിച്ചു.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഹിന്ദു ദേവതമാരുടെ സ്തനങ്ങളെ വര്‍ണിച്ച് കവിതകളും മറ്റുമുണ്ടായിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് ഹിംസാത്മ ഹിന്ദുത്വം തെരുവിലിറങ്ങുന്നത്. തങ്ങളുടെ മതം മാത്രം ശരിയെന്നു പറയുന്നതും അതിനായി തെരുവിലിറങ്ങുന്നതും തങ്ങളുടെ ടീം മാത്രം ശരിയാണെന്നു പറഞ്ഞ് അക്രമം അഴിച്ചു വിടുന്ന യൂറോപ്പിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാരുടേതില്‍ നിന്ന് വ്യത്യസ്തമല്ല, ശശി തരൂര്‍ പറഞ്ഞു.

“സഹിഷ്ണുതയല്ല സ്വീകരണമനോഭാവമാണ് (അക്‌സപറ്റന്‍സ്) വേണ്ടതെന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. സഹിഷ്ണുത എന്നു പറയുന്നതില്‍ മേല്‍ക്കൈ മനോഭാവമുണ്ട്. തങ്ങളാണ് ശരി, തങ്ങളുടെ ഔദാര്യമനോഭാവം കൊണ്ട് സഹിച്ചു കളയാമെന്നാണ് സഹിഷ്ണുതയുടെ അര്‍ത്ഥം.”

മതത്തെ അവഗണിച്ച് ഇന്ത്യയെ മനസ്സിലാക്കാനാവില്ല. ദൈവമില്ലാത്ത മതേതരവാദത്തിന് ഇവിടെ വേരുപിടിക്കാത്തത് അതുകൊണ്ടാണ്. എല്ലാ മതങ്ങളില്‍ നിന്നും അകലം പാലിക്കുന്ന നിഘണ്ടുവിലെ മതേതരത്വമല്ല ഇന്ത്യയിലേത്, എല്ലാ മതങ്ങളും സഹകരിക്കുന്ന മതേതരത്വമാണ്.

ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നു എന്ന് ഉത്തരേന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും വിശ്വസിക്കുന്നു. അതിനര്‍ത്ഥം പളളി പൊളിക്കണമെന്നായിരുന്നില്ല. പള്ളി ഒരിക്കലും പൊളിക്കരുതായിരുന്നു. തീര്‍ത്തും ലജ്ജാകരമായിപ്പോയി അത്.

ഉത്തരേന്ത്യയില്‍ പലരും ഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞ കാലത്തിനും വളരെ മുമ്പുതന്നെ ഇന്ത്യയില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നെന്നും ഇന്ത്യ എല്ലാവരുടേതുമാണെന്നും തരൂര്‍ പറഞ്ഞു. മനുസ്മൃതി പോലുള്ള ഒറ്റപ്പാഠങ്ങളില്‍ കുടുങ്ങിക്കിടക്കേണ്ടവരല്ല ഹിന്ദുക്കൾ. മറ്റ് മതങ്ങളെപ്പോലെ തീവ്രവിശുദ്ധമല്ല ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍. അത് ഗീതയിലൊന്നും ഒതുക്കേണ്ടതല്ല. നൂറു കണക്കിന് ഗ്രന്ഥങ്ങളാണ് ഹിന്ദുക്കളുടെ ഈടുവെയ്പ്. അതില്‍ നിന്ന് വ്യക്തിപരമായ നന്മ സ്വാംശ്വീകരിയ്ക്കുകയാണ് വേണ്ടത്.

രാഷ്ട്രീയത്തിലേയ്ക്ക് ചെറുപ്പക്കാരെ കൊണ്ടു വരുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഒരു സ്ഥാനം വഹിക്കുന്നത് പരമാവധി രണ്ടു തവണയായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശത്തോട് യോജിക്കുന്നതായും തരൂര്‍ പറഞ്ഞു. വോട്ടവകാശം 18 വയസ്സില്‍ ആകാമെങ്കില്‍ തിരഞ്ഞെടുപ്പിന് മൽസരിക്കുന്നത് 25 വയസ്സുവരെ നീട്ടിവയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയം മുഴുവന്‍ സമയ തൊഴിലായി നടത്തുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും തരൂര്‍ പറഞ്ഞു.

യുഎന്‍ വിട്ട് രാഷ്ട്രീയത്തിലേയ്ക്കു വന്നപ്പോള്‍ താന്‍ പരിയചപ്പെട്ട ഓരോ രാഷ്ട്രീയക്കാരനോടും എന്താണ് ജോലി എന്ന് ചോദിച്ചെന്നും അത് ഇന്ത്യയില്‍ ചോദിക്കാന്‍ പാടില്ലാത്ത ജോലിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ആയിരത്തിലേറെ വരുന്ന ശ്രോതാക്കളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ തരൂര്‍ പറഞ്ഞു.

മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം പിന്തിരിപ്പനായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ