ന്യൂഡല്‍ഹി: കേരളത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രളയത്തെ ഓര്‍മ്മപ്പെടുത്തി രാഹുല്‍ ഗാന്ധി. പ്രളയത്തില്‍ തകര്‍ന്ന കേരളം സന്ദര്‍ശിക്കാതിരുന്നതിലും ദുരിതാശ്വാസ പാക്കേജ് അനുവദിക്കാതിരുന്നതിലും രാഹുല്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ താന്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയക്കാണ് രാഹുല്‍ മറുപടി നല്‍കിയത്.

‘പ്രിയപ്പെട്ട മോദി, താങ്ങളുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ കടുത്ത പ്രളയവും കേരളത്തിലെത്തി. ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും പ്രളയം കാരണമായി. ആ സമയത്ത് താങ്കള്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. ദുരിതത്തില്‍നിന്ന് കരകയറിയിട്ടില്ലാത്ത കേരളം ദുരിതാശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്. പ്രളയം നാശംവിതച്ച മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പാക്കേജ് കേരളത്തിന് നിഷേധിക്കുന്നത് നീതിരാഹിത്യമാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

നേരത്തെ, നിങ്ങളുടെ എംപിയെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എംപിയായിട്ട് മാത്രമല്ല, വയനാട്ടുകാരുടെ സഹോദരനായും മകനായും താന്‍ ഉണ്ടാകുമെന്നും രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു. വയനാട് സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.