തിരുവനന്തപുരം: മോദി സ്തുതിയിൽ ശശി തരൂരിനെതിരെ തൽക്കാലം നടപടിയില്ല. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി അറിയിച്ചു. വിവാദ്ം അവസാനിപ്പിക്കാനാണ് കെപിസിസിയുടെ ശ്രമം. ഇതിന്റെ ഭാഗമായി നേതാക്കളോട് കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചു. തരൂരിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തുകയും തരൂർ നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്തതോടെ പാർട്ടിക്കുള്ളിൽ തന്നെ രണ്ട് അഭിപ്രായം രൂപപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിങ്വിയുടെയും അഭിപ്രായത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നവെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവർ രംഗത്തെത്തിയിരുന്നു. അവസര സേവകര്‍ എന്നും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും, ഇനിയും അത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എ.പി.അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ട. അതിന് ബിജെപിയിൽ പോക്കോളു. ഇനിയും ശശി തരൂര്‍ ഇത് തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്കരിക്കേണ്ടി വരുമെന്നായിരുന്നു കെ.മുരളീധരൻ പറഞ്ഞത്. ഇതിനോടും ശക്തമായ ഭാഷയിലാണ് ശശി തരൂർ വിമർശിച്ചത്.