തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. 

മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകും. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തും. മുന്‍കൂട്ടി ചുഴലി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗരേഖ പ്രകാരം കണക്കാക്കിയ നഷ്ടം 422 കോടി രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും എത്രയോ അധികമാണ്. എന്‍.ഡി.ആര്‍.എഫ് നിബന്ധനകള്‍ പ്രകാരം കണക്കാക്കുന്ന തുക, യഥാര്‍ത്ഥ നഷ്ടം നികത്തുന്നതിന് തീര്‍ത്തും അപര്യാപ്തമായതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

അഭൂതപൂര്‍വമായ നാശമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്. 71 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. കാണാതായവരെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ അതിന് സമയമെടുക്കും. കനത്ത നാശം വിതറിയ ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രി അഭ്യാര്‍ത്ഥിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളുടെ ഏകോപനത്തില്‍ നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും നടത്തിയിട്ടുളള പരിശ്രമത്തെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സമയോചിതമായി ലഭിച്ച സഹായത്തിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ