കൊല്ലം: ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഒരവസരം കൂടെ നല്‍കിയാല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറ്റാന്‍ മോദിക്ക് സാധിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൊല്ലത്ത് ബിജെപിയുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഗ്രാഫ് താഴേക്ക് പോവുകയാണെന്നും എന്നാല്‍ ബിജെപിയുടേത് മുകളിലേക്കാണ് പോകുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിജെപിയെ നിസ്സാരരായി കാണരുതെന്നും മോദിയുടെ മുന്നിറിയിപ്പ്. അധികാരത്തില്‍ എത്തണമെന്ന ചിന്ത മാത്രമേ എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളുവെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.

കേരളത്തിന്റെ ജനങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണെന്നും, ബിജെപിയില്‍ അവര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.