കൊച്ചി: എസ്എഫ്ഐ മുൻ നേതാവിന് ചട്ടവിരുദ്ധമായി മാർക്ക് കൂട്ടി നൽകിയതിനെ എതിർത്ത അധ്യാപികയ്‌ക്കെതിരായ കാലിക്കറ്റ് സർവകലശാലയുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ. വിമൻ സ്റ്റഡീസ് വിഭാഗം മേധാവി മോളി കുരുവിളയ്‌ക്കെതിരായ നടപടിയാണു കോടതി തടഞ്ഞത്.

എസ്എഫ്ഐ നേതാവായിരുന്ന ഡയാനയ്ക്ക് 17 മാർക്കാണു സർവകലാശാല എട്ടുവർഷത്തിനുശേഷം ചട്ടവിരുദ്ധമായി കൂട്ടി നൽകിയത്. മൂന്നാം സെമസ്റ്ററിലെ അറ്റൻഡൻസ് മാർക്ക് തിരുത്തി നൽകണമെന്നാവശ്യപ്പെട്ട്  2009ൽ ഡയാന അപേക്ഷ  അപേക്ഷ നൽകിയിരുന്നു. എന്നാൽ, സർവകലാശാലാ ചട്ടങ്ങൾ അനുസരിച്ച് മാത്രം മാർക്ക് നൽകിയാൽ മതിയെന്നു വ്യക്തമാക്കിക്കൊണ്ട് റജിസ്ട്രാറും വൈസ് ചാൻസലറും അപേക്ഷയിയിൽ 2010 ഏപ്രിൽ 24ന് തീർപ്പു കല്പിച്ചു.

ഇതിനു ശേഷം പിഎച്ച്ഡിക്കു ചേർന്ന ഡയാന സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. മാർക്ക് കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് ഡയാന 2018 മെയ് 2ന് വീണ്ടും അപേക്ഷ നൽകി. തുടർന്ന് 17 മാർക്ക് കൂട്ടി നൽകി. ഒരിക്കൽ സർവകലാശാല എടുത്ത തീരുമാനം പുനഃപരിശോധിക്കാൻ നിയമപ്രകാരം അധികാരമില്ലാത്തപ്പോഴാണ് ഈ നടപടി.

മൂന്നാം സെമസ്റ്ററിലെ മാർക്കിനെ പറ്റിയായിരുന്നു ഡയാന 2009 ഇൽ പരാതി നൽകിയത്. എന്നാൽ മൂന്നും നാലും സെമസ്റ്ററിലെ അറ്റൻഡൻസ് മാർക്കുകൾ സർവകലാശാല കൂട്ടി നൽകുകയായിരുന്നു. നാലാം സെമസ്റ്ററിൽ ഹാജർ കുറവായതിനാൽ പിഴവ് തിരുത്തി വാങ്ങിയാണ് പരീക്ഷ എഴുതാനുള്ള യോഗ്യത നേടിയത്. എന്നാൽ ഡയാനയ്ക്കു നാലാം സെമസ്റ്ററിൽ മുഴുവൻ മാർക്കും നൽകുകയായിരുന്നു.

ക്ലാസിൽ വരാത്ത ഡയാനയ്ക്കു മാർക്ക് നൽകുന്നതിനെതിരെ ബാക്കി വിദ്യാർഥികൾ പരാതി നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് മുഴുവൻ മാർക്കും നൽകിയത്. ഇത്തരത്തിൽ മാർക്ക് കൂട്ടിനൽകുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി സർവകലാശാല അധികൃതർക്ക് അന്നത്തെ വകുപ്പ് മേധാവി മോളി കുരുവിള കത്തു നൽകിയിരുന്നു. എന്നാൽ അധ്യാപികയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് സർവകാലശാലാ സിൻഡിക്കേറ്റ് ശ്രമിച്ചത്.

മാർക്ക് കൂട്ടി നൽകിയതിനും ഡയാനയെ ഗസ്റ്റ് അധ്യാപികയായി നിയമിച്ചതിനുമെതിരെ മറ്റു ഉദ്യോഗാർഥികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.