scorecardresearch

Latest News

‘ഷഹാനയുടെ മരണത്തില്‍ പങ്കില്ല’; മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കട്ടെയെന്ന് സജ്ജാദിന്റെ മാതാവ്

കാസർഗോഡ് സ്വദേശിയായ ഷഹാനയെ വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

shahana, model, ie malayalam

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിന്റ മാതാവ്. ഏറെക്കാലം മുന്‍പ് തന്നെ സജ്ജാദും ഷഹാനയും വീടു വിട്ടിരുന്നെന്നും പിന്നീട് കാര്യമായ ബന്ധം വച്ച് പുലര്‍ത്തിയരുന്നില്ലെന്നും മാതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.

“ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഫലമുണ്ടായില്ല. സജ്ജാദ് ലഹരി ഉപയോഗിക്കുമോ എന്നത് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കട്ടെ,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സജ്ജാദുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ ബസാറിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദ് ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ലഹരിമരുന്നും അതുമായി ബന്ധപ്പെട്ട വസ്തുക്കളും പൊലീസ് കണ്ടെത്തി.

കാസർഗോഡ് സ്വദേശിയായ ഷഹാനയെ വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഷഹാനയുമായി തർക്കം നിലനിന്നിരുന്നതായി സജ്ജാദ് പൊലീസിന് മൊഴി നൽകിയതായാണ് വിവരം.

ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷമാണ് ഷഹാന മോഡലിങ് രംഗത്ത് സജീവമാകുന്നത്. ഒരു തമിഴ് ചിത്രത്തിലും നിരവധി പരസ്യങ്ങളിലും ഷഹാന അഭിനയിച്ചിട്ടുണ്ട്.

Also Read: മഴ തുടരും, അതിശക്തമാകും; സംസ്ഥാനം ജാഗ്രതയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Model shahana death kerala police investigation updates