കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി. ഷഹാന ആത്മഹത്യ ചെയ്ത പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടിലെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷവും ഷഹാന ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ ഇതിൽ ഒരു സ്ഥിരീകരണം നടത്താനാവുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.
ഷഹാനയുടേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജ്ജാദിനെതിരെ ഷഹാനയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. എന്നാൽ പരിശോധനയിലും ആത്മഹത്യ നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ഭർത്താവ് സജ്ജദുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. സജ്ജാദ് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് സാധുകരിക്കുന്ന രീതിയിൽ വീട്ടില്‍ നിന്ന് ലഹരിമരുന്നും അതുമായി ബന്ധപ്പെട്ട വസ്തുക്കളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നിലവിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ സജ്ജാദ് ഷഹാനയെ പണത്തിന്റെ പേരിൽ മർദിച്ചിരുന്നതായും ഇവർ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ഷഹാന ആത്മഹത്യ ചെയ്തത് അല്ലെന്നും ഭർത്താവ് കൊന്നതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സജ്ജാദിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിലെല്ലാം കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കാസർഗോഡ് സ്വദേശിയായ ഷഹാനയെ വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.