/indian-express-malayalam/media/media_files/uploads/2021/08/Gang-rape.jpg)
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അറസ്റ്റിലായ മൂന്നു യുവാക്കളും.
വ്യാഴാഴ്ച അര്‍ധരാത്രി രാത്രി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടുവെന്നാണു ആരോപണം.
യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. അവശനിലയിലായ പെൺകുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം കാക്കനാട്ടെ ആശുപത്രിയിലാണു പെൺകുട്ടി ചികിത്സ തേടിയത്. പിന്നീട് പൊലീസ് ഇവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
രവിപുരത്തെ ബാറില്‍ സുഹൃത്തായ സ്ത്രീയോടൊപ്പമെത്തിയ മോഡല്‍ രാത്രി പത്തോടെ അവിടെ കുഴഞ്ഞുവീണു. തുടര്‍ന്നു യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് യുവാക്കള്‍ കാറില്‍ കയറ്റിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല.
യുവതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍നിന്നാണു യുവാക്കള്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണെന്നു പൊലീസ് കണ്ടെത്തിയത്.
സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2017ല്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടതും കൊച്ചിയിലായിരുന്നു. കേസില്‍ വിചാരണ തുടരവെയാണു സമാനമായ മറ്റൊരു സംഭവം നടന്നിരിക്കുന്നത്.
എഡിറ്ററുടെ കുറിപ്പ്:
സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.