തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘മോഖ’. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മേയ് 12 രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത.
മേയ് 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ അന്നു രാവിലെ ബംഗ്ലാദേശിനും മ്യാന്മറിനും ഇടയിൽ മണഇക്കൂറിൽ പരമാവധി 145 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.