തിരുവില്വാമല (തൃശൂർ): മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിക്കാടനിടയായതിനു കാരണം രാസസ്ഫോടനമെന്ന് നിഗമനം. മൊബൈൽ ഫോണിൽനിന്ന് തീ പടർന്നിട്ടില്ല എന്നതിനാലാണ് പൊലീസും ഫൊറൻസിക് വിദഗ്ധരും ഈ നിഗമനത്തിലെത്തിയത്. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിച്ചതിനാൽ ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സംശയം.
മൊബൈലിന്റെ ബാറ്ററിക്കകത്തെ ജെൽ രൂപത്തിലുള്ള ഭാഗങ്ങൾ ഉയർന്ന ചൂടിൽ ഗ്യാസ് ആയി മാറി പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബാറ്ററിക്കകത്തെ ജെൽ ചൂടാകുമ്പോഴാണ് ഗ്യാസ് രൂപത്തിലാകുന്നതെങ്കിലും ചൂട് മൊബൈലിൽ അനുഭവപ്പെടുകയില്ല. അതിനാലായിരിക്കാം മൊബൈൽ കുട്ടി കയ്യിൽ തന്നെ പിടിച്ചിരിക്കുക. പൊട്ടിത്തെറിയിൽ പുറത്തേക്ക് വന്ന ബാറ്ററിക്കകത്തെ ഭാഗങ്ങൾ കുട്ടിയുടെ തലയിൽ ക്ഷതമേൽപ്പിച്ചിരിക്കാം. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞായിരുന്നു സംഭവം. മുൻ ബ്ലോക്ക് പഞ്ചായത്തംഗം പട്ടിപ്പറമ്പ് മാരിയമ്മൻകോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക്‌കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ.
കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്ന മുത്തശി പറഞ്ഞത്. കുട്ടി ഉപയോഗിച്ചിരുന്നത് മൂന്നുവർഷത്തിലധികം പഴക്കമുള്ള ഫോണായിരുന്നു. ഫോണിന്റെ ബാറ്ററി ഒരു തവണ മാറ്റിയതായി വിവരമുണ്ട്.
മൊബൈൽ ഫോണുകളിൽ ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികൾക്ക് സ്ഫോടനശേഷിയുണ്ട്. കുട്ടി മൊബൈൽ ഉപയോഗിച്ചപ്പോൾ ഫോൺ അമിതമായി ചൂടായിട്ടുണ്ടാകാം. യഥാർഥ ബാറ്ററിയല്ലെന്നതിനാൽ അപകടസാധ്യതയും കൂടുതലായിരുന്നിരിക്കാം.