കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എയര്‍ടെല്‍, ബിഎസ്എന്‍എല്‍ സേവന ദാതാക്കളോടാണ് കോടതി മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവ് പ്രകാരം 18-ാം തീയതിയ്ക്ക് മുമ്പാകെ ഹാജരാക്കണം. 2014 മുതല്‍ 16 വരെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്. നേരത്തെ അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് കമ്പനികളെ സമീപിച്ചെങ്കിലും അവര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് സംഘം കോടതിയെ സമീപിക്കുകയായിരുന്നു.

2016 ന് ശേഷമുള്ള രേഖകള്‍ നല്‍കാമെന്നായിരുന്നു കമ്പനികള്‍ പറഞ്ഞത്. ഇതിനെതിരെയാണ് കോടതിയുടെ ഉത്തരവ്. 2014-16 കാലഘട്ടത്തില്‍ ബിഷപ്പ് തന്നെ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഇത് പരിശോധിക്കാനാണ് രേഖകള്‍ ആവശ്യപ്പെട്ടത്. അതേസമയം, ബിഷപ്പ് തല്‍സ്ഥാനത്തു നിന്നും മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ജലന്ധര്‍ സ്വദേശികള്‍ ആവശ്യപ്പെട്ടു.

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി വത്തിക്കാനും കേരളത്തിലെ സഭയും നിലപാട് സ്വീകരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം തന്നെ ബിഷപ്പിനെതിരേ സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതിക്കാരിയായ കന്യാസ്ത്രീ രേഖാ മൂലം പരാതി നല്‍കിയിരുന്നു. 2017 ജൂലൈ 11-ന് ആലഞ്ചേരിക്കയച്ച കത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ അടിയന്തര നടപടിയാണ് ആവശ്യപ്പെടുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൽ നാല് പേജാണ് ഉളളത്.

ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന നാല് പേജുള്ള കത്തിലുടനീളം ബിഷപ്പിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഉയര്‍ത്തുന്നത്. ബിഷപ്പ് സിംഫോറിയന്‍ കീപ്രത്തിന്റെ കാലത്ത് 1993-ല്‍ തുടങ്ങിയതാണ് ‘മിഷനറീസ് ഓഫ് ജീസസ്’ സന്യാസിനി സമൂഹം. 2013-ല്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമേറ്റതോടെ സന്യാസിനി സമൂഹത്തിന്റെയും സിസ്റ്റര്‍മാരുടെയും മോശം സമയത്തിന് തുടക്കമായെന്നു കത്തില്‍ ആരോപിക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ 15 കന്യാസ്ത്രീകളാണ് സഭ വിട്ടു പോയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.