പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി സഹോദരി രംഗത്ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി പറഞ്ഞു. മധുവിനെ അക്രമികള്‍ പിടിച്ചു കൊണ്ടു വരുമ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് അനുഗമിച്ചെന്നും സഹോദരി ചന്ദ്രിക പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വിനോദ് എന്നയാളാണ് ആള്‍ക്കാരെ ഫോണ്‍ വിളിച്ച് എത്തിച്ചത്. ആദ്യം ഓട്ടോയിലായിരുന്നു പോയത്. പിന്നീട് ഗുഹ വളഞ്ഞ് മധുവിനെ പിടിച്ചു. ഉടുത്തിരിക്കുന്ന മുണ്ടുരിഞ്ഞ കെട്ടിയിട്ടു. തുടര്‍ന്ന് മോഷ്ടിച്ചെന്ന് പറയുന്ന അരിക്ക് അകത്ത് ഭാരമുളള മറ്റെന്തോ ഇട്ട് 20 കിലോ അരിയാണെന്ന് പറഞ്ഞു. മധുവിനെ കൊണ്ട് പോകുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ ഓടിച്ചിരുന്ന ജീപ്പാണ് പിറകിലുണ്ടായിരുന്നത്. മധു അവശനായിരുന്നിട്ടും ജീപ്പില്‍ കയറ്റാന്‍ തയ്യാറായില്ല. വെളളം ചോദിച്ചപ്പോള്‍ രണ്ട് തുളളി മാത്രം ഇറ്റിച്ചു കൊടുക്കുകയാണ് ചെയ്തത്. എന്നിട്ട് നക്കിക്കുടിക്കാനാണ് പറഞ്ഞത്. വെളളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ വെളളം നിലത്തേക്ക് ഒഴിച്ചു’, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ആവശ്യപ്പെട്ടു.
മധുവിന്റെ വീട് ഇന്ന് രാഷ്ട്രീയ പ്രമുഖര്‍ സന്ദര്‍ശിക്കുന്നുണ്ട്. മന്ത്രി എകെ ബാലന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും.
മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത് പ്രതികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. ഇതുവരെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുളളു എന്നാണ് വിവരം.
എട്ടോളം പേര് ഇന്നലെ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാവിലെ എട്ട് മണിയോടെ തന്നെ മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും. ഉച്ചയോടെ മൃതദേഹം മധുവിന്റെ ഊരായ കടുക്മണ്ണയില് എത്തിക്കും. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ ആദിവാസി സംരക്ഷണ സമിതി ആരംഭിച്ച രാപ്പകല്‍ സമരം പുരോഗമിക്കുകയാണ്. ഇന്നും അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ റോഡ് ഉപരോധിക്കുന്നതടക്കമുള്ള കര്‍ശന സമരമുറകളിലേക്ക് കടക്കും.