കോഴിക്കോട്: ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് എന്ന പേരില്‍ ദക്ഷിണ കൊറിയയിലെ സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വൈദ്യുതി മന്ത്രി എം.എം.മണി വെട്ടിലായി. ‘കേരളത്തിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി’ എന്നു പറഞ്ഞുകൊണ്ടാണ് മണി ഒക്ടോബർ 26ന് ചിത്രം ഷെയര്‍ ചെയ്തത്. തന്റെ ഫെയ്സ്ബുക്ക് പേജിലും മണി ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

എം.എം.മണിയുടെ ട്വീറ്റ്

എം.എം.മണിയുടെ ട്വീറ്റ്

മന്ത്രി ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ചിത്രം ദക്ഷിണ കൊറിയയിലെ ആണെന്ന് കാണിച്ച് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്. ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ഈ ചിത്രം കൊറിയയിലെ യോങ്സാങ് ബുക്ഡോ പ്രൊവിൻസിലെ സാങ്യൂ സിറ്റിലുളള സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രമാണെന്നാണ് പറയുന്നത്.

അതേസമയം, വെരിഫൈഡ് അല്ലാത്ത മണിയുടെ ട്വിറ്റർ പേജിൽനിന്നും ചിത്രം ഇതുവരെ നീക്കം ചെയ്തിട്ടില്ല. സോഷ്യൽ മീഡിയകളിലെ മന്ത്രിയുടെ ഒഫീഷ്യൽ പേജിൽ തെറ്റായ ചിത്രം ഷെയർ ചെയ്തതിനെക്കുറിച്ച് പരിശോധിക്കുമെന്നായിരുന്നു ഇതിനെക്കുറിച്ച് മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതകളിൽ ഒന്നാണ് വയനാട്ടിലെ ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ്. വർഷം തോറും 7.5 ലക്ഷം യൂണിറ്റ് വൈദ്യുതി പ്ലാന്റിൽനിന്നും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് എം.എം.മണി പറഞ്ഞിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പദ്ധതിയാണ് ഇതെന്നും ഒരു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും പ്രോജക്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അഡ്ടെക് സിസ്റ്റംസ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ പ്ലാന്റിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.