തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി സംബന്ധിച്ച് മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഓരോ നൂറ്റാണ്ടിലും സംസ്ഥാനത്ത് പ്രളയമെത്തും. അതില്‍ കുറേപ്പേര്‍ മരിക്കും. കുറേപ്പേര്‍ ജീവിക്കും. എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷത്തിന്റെ വാക്ക് കേട്ട് അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനൂറോളം പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. പതിനായിരക്കണക്കിന് വീടുകള്‍ പോയി. കന്നുകാലികള്‍ പോയി. ഞങ്ങളെന്തെങ്കിലും ചെയ്തിട്ടാണോ മഴവന്നത്. മഴയില്ലെങ്കില്‍ വരള്‍ച്ച. ഇതൊക്കെ പ്രകൃതി സൃഷ്ടിയാണെന്നും മന്ത്രി പറഞ്ഞു. നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ഇത്തരം വലിയ പ്രളയങ്ങള്‍ വരുന്നത്. ഇനി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇനിയും പ്രളയം വന്നെന്ന് വരാമെന്നും ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടുക്കിയില്‍ ഉണ്ടായ മണ്ണിടിച്ചിലിന് കാരണം കൈയ്യേറ്റങ്ങളാണോയെന്ന ചോദ്യത്തിന് ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ക്കും വിഷമുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസും മണിയും സംയുക്തമായാണ് പത്രസമ്മേളനം നടത്തിയത്. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം. ജലവിഭവ മന്ത്രിയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളില്ല. ഇടുക്കി ഡാം തുറന്നുവിടണമെന്ന് തന്നെയായിരുന്നു തങ്ങളുടെ തീരുമാനമെന്നും മണി വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ സംസാരിക്കവേ, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴ പ്രവചിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തെപ്പറ്റി മുഖ്യമന്ത്രിയും മന്ത്രിമാരും നിയസഭയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ടെന്നും മന്ത്രി വ്യക്തമാക്കി.

അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങളല്ല പ്രളയത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. പ്രളയത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന അണക്കെട്ടുകള്‍ കേരളത്തിലില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ട് ജല സംഭരണം മെച്ചപ്പെടുത്തണം എന്ന നിലപാട് അംഗീകരിച്ചുകൊണ്ട് ആ വിഷയത്തെ ഒരു തുറന്ന മനസ്സോടെ പൊതുസമൂഹം നോക്കിക്കാണണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജൂലൈ മുതല്‍ തുടര്‍ച്ചയായി തുറന്നിരുന്നു. ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഈ സമയത്തെല്ലാം കൃത്യമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കബനി നദിയില്‍ വെള്ളപ്പൊക്കമുണ്ടായതില്‍ ബാണാസുര അണക്കെട്ട് പങ്ക് വഹിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നതുകൊണ്ടാണ് പ്രളയമുണ്ടായത് എന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ആകെ 82 അണക്കെട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവയൊക്കെ വ്യത്യസ്ത സമയത്താണ് തുറന്നത്. ജൂണ്‍മാസം മുതല്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് ഡാമുകള്‍ തുറന്നതെന്നും മന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ