ഇടുക്കി: പി.ടി തോമസ് എം.എൽ.എയ്ക്കെതിരെ വിവാദ പരമാർശവുമായി മന്ത്രി എം.എം മണി രംഗത്ത്. ‘ഒരുപാട് ചെറ്റത്തരം മാത്രം പറയുന്ന പൊതുപ്രവർത്തകനാണ് പി.ടി തോമസെന്ന്’ മണി പറഞ്ഞു.
നിമയസഭയിലും പി.ടി തോമസ് ഒരു ശല്ല്യമാണെന്നും കൊട്ടാക്കമ്പൂരിൽ തനിക്ക് ഭൂമിയുണ്ടെങ്കിൽ അദ്ദേഹത്തിന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേവികുളം സബ്കളക്ടര്‍ ശ്രീറാമിന്റെ സ്ഥലംമാറ്റത്തിന് പിന്നില്‍ മണിയും ജോയ്സ് ജോര്‍ജ് എംപിയുമാണെന്ന് പി ടി തോമസ് എംഎല്‍എ ആരോപിച്ചിരുന്നു. ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രിക്കുള്ള ബന്ധം അന്വേഷിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് എംഎം മണി രംഗത്തെത്തിയത്.

കൊട്ടാക്കമ്പൂരില്‍ 300 ഏക്കര്‍ ഭൂമി വ്യാജരേഖകളിലൂടെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനി കൈവശപ്പെടുത്തിയെന്നും മന്ത്രി മണിയും ജോയ്സ് ജോര്‍ജും ഇതിന് കൂട്ടുനിന്നുവെന്നും പിടി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ