scorecardresearch

‘വിധി’ എന്ന് പറയരുതായിരുന്നു; പരാമർശം പിൻവലിച്ച് എം എം മണി, തള്ളി സ്പീക്കറും

ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് മണി സഭയില്‍ പറഞ്ഞു

‘വിധി’ എന്ന് പറയരുതായിരുന്നു; പരാമർശം പിൻവലിച്ച് എം എം മണി, തള്ളി സ്പീക്കറും

തിരുവനന്തപുരം: എംഎൽഎ കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച് എം എം മണി. മണിയുടെ പരാമർശത്തിൽ തെറ്റായ ഭാഗങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് പുരോഗമനപരമായ ഒന്നല്ലെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞിരുന്നു. മണിയുടെ പരാമർശം അസ്വീകാര്യവും അനുചിതവുമാണെന്നായിരുന്നു സ്പീക്കറുടെ നിരീക്ഷണം. ഇതിനു പിന്നാലെയാണ് മണി തന്റെ പരാമർശം പിൻവലിക്കുന്നതായി സഭയിൽ പറഞ്ഞത്.

താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ ആ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് മണി സഭയില്‍ പറഞ്ഞു.

പ്രത്യക്ഷത്തിൽ അൺപാർലമെന്ററിയല്ലാത്ത വാക്കുകൾ ഉപയോഗിച്ചാൽ അത് പരിശോധിച്ച് പിന്നീട് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുൻപ് സ്വാഭാവികമായി ഉപയോഗിച്ച വാക്കുകൾക്ക് ഇന്ന് അതേ അർത്ഥമായിരിക്കില്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നവർക്ക് പരിഗണന നൽകേണ്ടത് അനിവാര്യമാണ്. ഇത് ജനപ്രതിനിധികൾക്ക് പലർക്കും മനസിലായിട്ടില്ല. അടിച്ചേൽപ്പിക്കേണ്ട മാറ്റമല്ലിത്, സ്വയം തിരുത്താൻ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് ഒട്ടും പുരോഗമനപരമായ ആശയമല്ലെന്ന് സ്പീക്കർ പറഞ്ഞു. എല്ലാവരും സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ ജാഗ്രത കാണിക്കണമെന്നും സ്പീക്കർ പറഞ്ഞു. ഇതിനു പിന്നാലെയാണ് സ്പീക്കർ പറഞ്ഞതിനെ മാനിക്കുന്നെന്ന് വ്യക്തമാക്കി മണി പരാമർശം പിൻവലിച്ചത്.

ജൂലായ് 14നാണ് എംഎം മണി സഭയിൽ കെകെ രമയ്‌ക്കെതിരായ വിവാദ പരമാർശം നടത്തിയത്. “ഇവിടെ ഒരു മഹതി സർക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല,” എന്നായിരുന്നു കെ കെ രമയ്‌ക്കെതിരായ നിയമസഭയിലെ എം എം മണിയുടെ പരാമർശം. ഇതിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

സിപിഐയുടെ മുതിർന്ന നേതാക്കളും മണിക്കെതിരെ രംഗത്തെത്തി. ‘ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം,’ എന്നായിരുന്നു മുതിർന്ന നേതാവ് ആനിരാജ പറഞ്ഞത്. എന്നാൽ ‘‘അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍.” എന്നായിരുന്നു അതിൽ മണിയുടെ പ്രതികരണം. ഇതോടെ സിപിഐ മാണിക്കെതിരായി. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ആനിരാജ പറഞ്ഞു. മണി പറഞ്ഞ രീതിയില്‍ മറുപടി പറയാന്‍ തനിക്കാകില്ല. അവഹേളനം ശരിയോയെന്ന് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും അവരുടെ പ്രസ്ഥാനവുമാണ് ശ്രദ്ധിക്കേണ്ടതെന്നും അവർ പറഞ്ഞു.

 സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും രൂക്ഷവിമര്‍ശമുയർത്തി. അങ്ങേയറ്റം മോശമായ പരാമര്‍ശമാണിത്. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമന്‍ പറഞ്ഞു. ഒരാളുടെ വാക്കുകൾ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ്. വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമർശങ്ങൾ പലപ്പോഴും മണി നടത്തിയിട്ടുണ്ടെന്ന് ശിവരാമൻ പറഞ്ഞു.

ഇതിനിടെ മണി മാപ്പ് പറയണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നു. എന്നാൽ അപ്പോഴൊന്നും തന്റെ പരാമർശം പിൻവലിക്കാൻ മണി തയ്യാറായിരുന്നില്ല. രമയ്‌ക്കെതിരായ പരാമർശം നാക്കുപിഴയല്ലെന്നും മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പറഞ്ഞാല്‍ അത് പിന്‍വലിക്കാമെന്നുമായിരുന്നു എം എം മണി പിന്നീട് പ്രതികരിച്ചത്.

” മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ല. പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല.രമ മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റത്തെ പുലഭ്യം പറഞ്ഞിട്ടുണ്ട്. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ. വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എനിക്കും പെണ്‍മക്കളില്ലേ. പ്രതിപക്ഷമാണ് വിധവയെന്ന് പറഞ്ഞത്. അപ്പോള്‍ ഞാനെന്റെ നാവില്‍ വന്നതു പോലെ അത് അവരുടെ വിധിയാണെന്ന് പറഞ്ഞു,” എന്നായിരുന്നു മണി പറഞ്ഞത്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളുടെ പിന്തുണയും മണിക്ക് ലഭിച്ചിരുന്നു. പരാമർശത്തിൽ തെറ്റില്ലെന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം. ഇപ്പോൾ അവരെയെല്ലാം തിരുത്തിക്കൊണ്ടാണ് സ്പീക്കറുടെ റൂളിംഗ് ഉണ്ടായിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mm mani withdraws his controversial statement against kk rema