ചന്ദ്രനും ചന്ദ്രക്കലയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ വിടുവായിത്തം: എം.എം.മണി

മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു

കൊച്ചി: വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം.മണി. അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മന്ത്രി ബിജെപി വക്താവ് ഗോപാലകൃഷ്ണനെ കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍ പോര എന്ന് മാലോകര്‍ക്കറിയാം എന്ന് എം.എം.മണി പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാക്കിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന്‌ ‍ ഗ്രഹാന്തരയാത്ര ഏർ‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ശ്രിഹരിക്കോട്ടയിൽ ‍ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റർ ചെയ്യാനും തുടർന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാക്കിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തമെന്ന് എം.എം.മണി ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിന്തുണച്ചു. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്റെ യശസ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ടെന്നും പ്രതിഷേധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ചന്ദ്രനിലേക്കല്ലാതെ മറ്റെങ്ങോട്ട് പോകും, ചൈനയിലും രാമനില്ലേ?: ബി ഗോപാലകൃഷ്ണന്‍

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനും, മതവിദ്വേഷത്തിനും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പ് വച്ചിരുന്നു. ഇതിനെതിരെയാണ് ബി.ഗോപാലകൃഷ്ണന്റെ പ്രതികരണം.

ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അടൂരിന്റെ വീടിന്റെ മുമ്പിലും ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. ‘കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്, ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാംവിളി എന്നും ഉയരും, എപ്പോഴും ഉയരും, കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരിക്കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും, വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mm mani trolls bjp leader b gopalakrishnan facebook post

Next Story
യൂണിവേഴ്സിറ്റി കോളേജിന്റെ പുതിയ രാഷ്ട്രീയംUniversity college Thiruvananthapuram, new politics, KSU, AISF, ABVP, SFI, എസ്എഫ്ഐ, കെഎസ്‌യു, എബിവിപി, എഐഎസ്എഫ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com