തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ മന്ത്രി എം.എം.മണി നിയമസഭയിൽ വിശദീകരണം നൽകി. തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് എംഎം.മണി പറഞ്ഞു. 17 മിനിറ്റുളള തന്റെ പ്രസംഗം മുഴുവനായി കേട്ടാൽ താൻ കുറ്റക്കാരനല്ലെന്ന് എല്ലാവർക്കും ബോധ്യമാകും. എന്നാൽ പ്രസംഗത്തിൽ താൻ പറഞ്ഞത് എഡിറ്റ് ചെയ്താണ് മാധ്യമങ്ങൾ നൽകിയത്. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വ്യക്തി വിരോധമുണ്ട്. തന്റെ പ്രസംഗങ്ങൾ പലപ്പോഴും മാധ്യമങ്ങൾ മുറിച്ചെടുത്തും വളച്ചൊടിച്ചുമാണ് നൽകുന്നത്.

തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കാറുണ്ട്. വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത് സ്ത്രീകളോട് എന്നും ആദരവോടുകൂടിയേ പെരുമാറിയിട്ടുളളൂവെന്നും മണി പറഞ്ഞു.

അതനിടെ, മണിയുടെ വിശദീകരണം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. നിയമസഭ സമ്മേളനം തുടങ്ങിയപ്പോൾതന്നെ മണി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം മുഴക്കി. പ്ലക്കാർഡുകളും ബാനറുകളും കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ച മണി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ