തിരുവനന്തപുരം: മഹിജയ്ക്കെതിരെയും മന്ത്രി എം.എം.മണി. മഹിജ ആർഎസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും കൈകളിലെന്നാണ് മണിയുടെ ആരോപണം. മുഖ്യമന്ത്രി കാണാൻ വരേണ്ടെന്ന് മഹിജ നേരത്തെ പറഞ്ഞിട്ടുണ്ട്. അവരോട് സഹതാപം ഉണ്ടെന്നും മണി പറഞ്ഞു.

ജിഷ്ണു പ്രണോയ് മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതിൽ വിവിധ കോണിൽനിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.എം.മണിയുടെ വിവാദ പ്രസ്താവന.

തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു മരിച്ചു മൂന്നു മാസമാകുമ്പോഴും മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ പ്രതിഷേധിക്കാനാണു കുടുംബം ഇന്നലെ ഡിജിപി ഓഫിസിൽ എത്തിയത്. എന്നാൽ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബലം പ്രയോഗിച്ചു നീക്കാൻ പൊലീസ് ശ്രമിച്ചതോടെ സ്ഥിതി വഷളായി. സമരം ഉദ്ഘാടനം ചെയ്യാൻ സെബാസ്റ്റ്യൻ പോളും സുഗതകുമാരിയും എത്തുന്നതിനു തൊട്ടുമുൻപായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഉന്തിലും തള്ളിലുംപെട്ടു നിലത്തു വീണ മഹിജ ഉൾപ്പെടെ 18 പേരെ റോഡിലൂടെയും മറ്റും വലിച്ചിഴച്ചാണു പൊലീസ് വാനിൽ കയറ്റിയത്. തളർന്നു വീണ മഹിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ഇന്നു സംസ്ഥാനത്തു ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കി. ശബരിമല, ഉംറ തീർഥാടകരുടെ വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.