ഇടുക്കി: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് സമരപ്പന്തലില്‍ പോയി മാപ്പു പറയില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞതാണ്. സമരത്തിന് ഇരുത്തിയവര്‍ തന്നെ സമരം അവസാനിപ്പിക്കട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. എന്നും മാധ്യമങ്ങള്‍ വേട്ടയാടിയിട്ടെയുള്ളു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. സംസാര ശൈലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആത്മപരിശോധന നടത്തുമെന്നും മണി വ്യക്തമാക്കി

“തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ ഭൂമി കൈയേറിയെന്ന രീതിയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമാണെന്നും മണി പറഞ്ഞു.

മന്ത്രി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം തുടരുകയാണ്. മണി വന്ന് മാപ്പു പറയാതെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരനേതാവ് ഗോമതി വ്യക്തമാക്കി.

ഇന്നലെ രാത്രി വൈകിയും സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരപ്പന്തലിൽ എത്തി. ഇന്ന് കൂടുതൽ സംഘടനകൾ സമരത്തിന് പിന്തുണയുമായി മൂന്നാറിൽ എത്തും. ഇതോടെ എം എം മണിയുടെ വിവാദ പ്രസംഗത്തോടെ മൂന്നാർ ഒരിക്കൽ കൂടി സമരവേദിയായി മാറുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ