കോതമംഗലം: യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് മന്ത്രി എംഎം മണി. കോതമംഗലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശബരിമലയില്‍ യുവതികള്‍ കയറിയെന്നും കരുതിയില്ലെന്നാണോ നിങ്ങളൊക്കെ കരുതിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി ചോദിച്ചു. കൂടാതെ യുവതികള്‍ പോയിട്ടില്ലെന്ന് സര്‍ക്കാര്‍ ഇതുവരേ പറഞ്ഞിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. പിന്നെന്തിനാണ് ഈ പാടൊക്കെ പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ പ്രതികരണത്തില്‍ വ്യക്തത ലഭിക്കാനായി ഇത് ഔദ്യോഗിക പ്രഖ്യാപനമാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചു. നിങ്ങളൊക്കെ ഏത് ലോകത്തിലാണെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. അതേസമയം, വേണമെങ്കില്‍ ശബരിമലയില്‍ ഒരുലക്ഷം സ്ത്രീകളെ എത്തിക്കാനാകുമെന്നും എന്നാല്‍ അത് തങ്ങളുടെ പരിപാടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളെയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതൊന്നും ഞങ്ങളുടെ പരിപാടിയല്ല’. മീഡിയാ വണ്‍ ചാനലാണ് മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. അതേസമയം, ശബരിമലയില്‍ പോയില്ലെങ്കില്‍ ശിക്ഷിക്കുമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും പോകാനായി എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മണി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ