തിരുവനന്തപുരം: മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കറും പ്രതികരിച്ചു. ”സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയിൽ കറുത്ത ബാനർ ഉയർത്തുന്നു. ഇത് അംഗീകരിക്കാനാവില്ല. മറ്റു നിയമസഭകളിലൊന്നും ഈ പ്രതിഷേധമില്ലെന്നും” സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഇ.പി.ജയരാജന്റയും എ.കെ.ശശീന്ദ്രന്റെയും കാര്യത്തിൽ കാണിച്ച ധാർമികത മണിയുടെ കാര്യത്തിൽ ഉണ്ടാകാത്തത് എന്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇഎംഎസിന്റെ പാർട്ടി എം.എം.മണിയുടെ പാർട്ടിയായി തരംതാണുവെന്നും ചെന്നിത്തല ആരോപിച്ചു.

മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം വച്ചിരുന്നു. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം.മണി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എം.എം.മണി രാജിവച്ച് പുറത്തുപോകൂ എന്ന മദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ