തിരുവനന്തപുരം: വയനാട്ടിലെ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിന്റെ പേരില്‍ പരസ്പരം പഴിചേരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ വിവാദത്തിന് പിന്നാലെ പോകാനുള്ള സമയമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഴ കൂടിയെന്ന് കരുതി കെഎസ്ഇബിയ്ക്ക് ലാഭമില്ലെന്നും ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതേയും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതേയും ഷട്ടറുകള്‍ തുറന്നതു മൂലം പ്രദേശത്ത് വന്‍ നാശ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നാശ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുകയാണ്. വടക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴയില്‍ മലബാറില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, മൂന്നാര്‍ മേഖലയിലും മഴ ശക്തമാണ്. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു.

വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ 260 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാത്രിയോടെ ഇത് 300 സെന്റിമീറ്ററാക്കാനാണ് തീരുമാനം. നാലാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്. ഇന്നലെ വരെ മൂന്ന് ഷട്ടറുകളേ തുറന്നിരുന്നുള്ളൂ. രാത്രിയിലും മഴ കനത്തതോടെയാണ് നാലാമത്തെ ഷട്ടറും തുറന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ വെള്ളമിറങ്ങിയ ഭാഗങ്ങളെല്ലാം വീണ്ടും വെള്ളത്തിന് അടിയിലായിട്ടുണ്ട്. പടിഞ്ഞാറത്തറ, പാണ്ടന്‍കോട്, പുതുശ്ശേരിക്കടവ് കുറുമണി, വെണ്ണിയോട് ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ളവരെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി. തലപ്പുഴക്കടുത്ത് കമ്പിപ്പാലത്ത് രാവിലെ ഒഴുക്കില്‍പ്പെട്ടയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഒരു മരണ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ആളാണ് ഒഴുക്കില്‍ പെട്ടെതെന്നാണ് അറിയാന്‍ കഴിയുന്നത്. സമീപത്തുള്ള ഒരു സ്ത്രീയാണ് ഇദ്ദേഹം വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. നിലവിളി ശബ്ദം കേട്ട് ഓടിയെത്തുമ്പോള്‍ ഇദ്ദേഹം മുങ്ങിത്താഴുന്നതാണ് കണ്ടതെന്ന് അവര്‍ പറയുന്നു.

കുറിച്യാര്‍ മലയ്ക്ക് സമീപത്തായി വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. മുന്‍പ് ഉരുള്‍പൊട്ടിയ പ്രദേശത്താണ് ഉച്ചയോടെ ഉരുള്‍ പൊട്ടിയത്. മേപ്പാടി ചെമ്പ്രയില്‍ അഞ്ചിടത്ത് ഉരുള്‍ പൊട്ടിയിട്ടുണ്ട്. വനത്തിലും തേയില എസ്റ്റേറ്റിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ആള്‍താമസമില്ലാത്ത ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

താമരശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറായി. ഈങ്ങാപ്പുഴയില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. പാല്‍ ചുരം കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തകര്‍ന്നതിനാല്‍ യാത്രാ യോഗ്യമല്ല. കുറ്റ്യാടി ചുരത്തിലും സ്ഥിതി മോശമാണ്. ഇതോടെ വയനാട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.