തിരുവനന്തപുരം: മന്ത്രി എംഎം മണി അപമാനിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി. തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി നല്‍കാനാകില്ലെന്ന് മന്ത്രി പറഞ്ഞെന്ന് വിജി പറയുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വിജി മന്ത്രിയെ വിളിച്ചത്. അപ്പോഴായിരുന്നു മണിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ കയ്യില്‍ ജോലി ഇരിപ്പില്ലെന്നും ജോലി മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെങ്കില്‍ സമരം നടത്തുന്നതിന് പകരം അദ്ദേഹത്തെ പോയി കാണണമെന്നും മന്ത്രി പറഞ്ഞതായി വിജി അറിയിച്ചു. സനല്‍കുമാറിന്റെ മരണത്തെ തുടര്‍ന്ന് വിജിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാകാതെ വന്നതോടെയാണ് വിജി സമരം ആരംഭിച്ചത്.

വിജിയ്‌ക്കൊപ്പം സനല്‍കുമാറിന്റെ അമ്മയും രണ്ട് കുട്ടികളും സമരത്തിനുണ്ട്. സര്‍ക്കാര്‍ ഇടപെടാതെ വന്നതോടെയാണ് വിജി മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും വിളിക്കാന്‍ ആരംഭിച്ചത്.

എന്നാല്‍ വിജിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ലെന്ന് എംഎം മണി പറഞ്ഞു. ശകാരിച്ചിട്ടില്ലെന്നും വിജി പാവം സ്ത്രീയാണെന്നും അവരുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും മന്ത്രി പ്രതികരിച്ചു. വിജി തന്നെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ മുഖ്യമന്ത്രിയെ കാണാനാണ് ആവശ്യപ്പെട്ടതെന്നും കൂടാതെ ആരെങ്കിലും പറഞ്ഞിട്ടാണോ സമരം നടത്തുന്നതെന്ന് ചോദിച്ചെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയുടെ പ്രസ്താവന തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും മന്ത്രിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും വിജി അറിയിച്ചു. സമരത്തില്‍ നിന്നും പിന്മാറില്ലെന്നും വിജി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.