scorecardresearch
Latest News

മണിയ്ക്കു ‘മണി കെട്ടു’മോ സി പി എം; അധിക്ഷേപ പരാമർശത്തിൽ സി പി ഐ പ്രതിഷേധം

തനിക്കെതിരായ മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ആനിരാജ ന്യൂഡൽഹിയിൽ പറഞ്ഞു. മണി പറഞ്ഞ രീതിയില്‍ മറുപടി പറയാന്‍ തനിക്കാകില്ലെന്നും അവർ കൂട്ടിച്ചേർത്തു

മണിയ്ക്കു ‘മണി കെട്ടു’മോ സി പി എം; അധിക്ഷേപ പരാമർശത്തിൽ സി പി ഐ പ്രതിഷേധം

തൊടുപുഴ: സി പി എം നേതാവ് എം എം മണി തുടരെത്തുടരെ നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്കെതിരായ പ്രതിഷേധം ഇടതുമുന്നണിയിലേക്കും പടരുന്നു. കെ കെ രമയ്ക്കു സി പി ആനിരാജയ്ക്കെതിരെ മണി നടത്തിയ പരാമർശത്തിനെതിരെ സി പി ഐ നേതാക്കൾ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് എം എം മണി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

കെ കെ രമ എംഎൽഎയ്‌ക്കെതിരെ മണി നിയമസഭയിൽ നടത്തിയ പരാമർശത്തെ സി പി ഐ ദേശീയ നേതാവായ ആനി രാജ വിമ‍ർശിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു അവർക്കെതിരായ മണിയുടെ അധിക്ഷേപ പരാമർശം. ഇതിനെതിരെ ആനിരാജയും സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും രംഗത്തെത്തി.

“ഇവിടെ ഒരു മഹതി സർക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല,” എന്നായിരുന്നു കെ കെ രമയ്‌ക്കെതിരായ നിയമസഭയിലെ എം എം മണിയുടെ പരാമർശം. ഇതിനെ വിമർശിച്ച ആനി രാജ ‘ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം,’ എന്ന് പറഞ്ഞിരുന്നു. ഇതാണു മണിയെ ചൊടിപ്പിച്ചത്.

‘‘അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്,” എന്നായിരുന്നു ആനിരാജയ്‌ക്കെതിരായ എം എ മണിയുടെ പരാമർശം.

മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ആനിരാജ ന്യൂഡൽഹിയിൽ പറഞ്ഞു. മണി പറഞ്ഞ രീതിയില്‍ മറുപടി പറയാന്‍ തനിക്കാകില്ല. അവഹേളനം ശരിയോയെന്ന് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും അവരുടെ പ്രസ്ഥാനവുമാണ് ശ്രദ്ധിക്കേണ്ടതെന്നും അവർ പറഞ്ഞു.

”കാലങ്ങളായി ഡൽഹിയിൽ ഇടത്, സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ പ്രയോഗിക്കുന്നത്. കേരളത്തിലും മറ്റെവിടെയും അതു നടത്തും. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ല്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും. സധൈര്യം നേരിട്ടുകൊണ്ട് മുന്നോട്ടു പോകും. ഭീഷണിക്ക് വഴങ്ങില്ല. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പൊലീസിനു ഡല്‍ഹിയില്‍ ഭയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന് അപ്പുറത്തേക്ക് വേറാരും ഭയപ്പെടുത്താനില്ല,” ആനി രാജ പറഞ്ഞു.

ആനിരാജയ്ക്കതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിര സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രൂക്ഷവിമര്‍ശമുയർത്തി. അങ്ങേയറ്റം മോശമായ പരാമര്‍ശമാണിത്. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമന്‍ പറഞ്ഞു.

ഒരാളുടെ വാക്കുകൾ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ്. വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമർശങ്ങൾ പലപ്പോഴും മണി നടത്തിയിട്ടുണ്ട്. ആനി രാജ ഡൽഹിയിൽ അല്ലേ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ഡൽഹിയില്‍ അല്ലേയെന്നും ശിവരാമൻ ചോദിച്ചു.

കെ കെ രമക്കെതിരായ എം എം മണിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നു പറഞ്ഞ സി പി ഐ ദേശീയ നേതാവായ ബിനോയ് വിശ്വം എം പി, അദ്ദേഹത്തിനു ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്നാണു കഴിഞ്ഞദിവസം പ്രതികരിച്ചത്. മണി ഗ്രാമീണ ഭാഷ ഉപയോഗിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആനി രാജയ്‌ക്കെതിരായ മണിയുടെ പരാമർശമുണ്ടായത്.

അതേസമയം, രമയ്‌ക്കെതിരായ പരാമർശം നാക്കുപിഴയല്ലെന്നും മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പറഞ്ഞാല്‍ അത് പിന്‍വലിക്കാമെന്നുമായിരുന്നു എം എം മണി പിന്നീട് പ്രതികരിച്ചത്.

” മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ല. പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല.രമ മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റത്തെ പുലഭ്യം പറഞ്ഞിട്ടുണ്ട്. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ. വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എനിക്കും പെണ്‍മക്കളില്ലേ. പ്രതിപക്ഷമാണ് വിധവയെന്ന് പറഞ്ഞത്. അപ്പോള്‍ ഞാനെന്റെ നാവില്‍ വന്നതു പോലെ അത് അവരുടെ വിധിയാണെന്ന് പറഞ്ഞു,” എന്നായിരുന്നു മണി പറഞ്ഞത്.

മണി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷവും സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളരും ഉയർത്തിയപ്പോഴും പരാമർശത്തിൽ തെറ്റില്ലെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പല സി പി എം നേതാക്കളുടെയും പ്രതികരണം.

2017 ൽ പരസ്യശാസന

ഇതാദ്യമായല്ല ഇത്തരം വിവാദ പരാമർശങ്ങൾ എം എം മണിയിൽനിന്ന് ഉണ്ടാകുന്നത്. ഇതിനെതിരായ വിമർശമുയരുന്ന പല സന്ദർഭങ്ങളിലും നാക്കു പിഴ, നാട്ടുഭാഷാ പ്രയോഗം എന്നൊക്കെ വിശേഷിപ്പിച്ച് കൈ കഴുകയായിരുന്നു സി പി എം നേതാക്കൾ ചെയ്തു കൊണ്ടിരുന്നത്.

എന്നാൽ, മണിക്കെതിരെ നടപടിയെടുക്കാൻ സി പി എം നിർബന്ധിതമായ സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. 2017ൽ വൈദ്യുതി മന്ത്രിയായിരിക്കെ എം എ മണിയെ സി പി എം പരസ്യമായി ശാസിച്ചിരുന്നു.  മന്ത്രി എന്ന നിലയിൽ എം എം മണി നടത്തിയ പല പ്രസംഗങ്ങളും പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു ഈ നടപടി. തുടർച്ചയായ വിവാദ പരാമർശനങ്ങളുടെ പേരിലാണ് നടപടി എന്നാണ് സംസ്ഥാന കമ്മറ്റിയുടെ വിശദീകരണം. ഇത്തരത്തിലുള്ള രണ്ടാമത്തെ നടപടിയായിരുന്നു അന്ന് മണിക്കെതിരെ വന്നത്.

അതിരപ്പിള്ളി വിഷയത്തിൽ നടത്തിയ പ്രതികരണങ്ങളും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നടത്തിയ പ്രതികരണങ്ങളുമാണ് അന്നു നടപടി വിളിച്ചുവരുത്തിയത്. മൂന്നാർ വിഷയത്തിൽ സബ് കളക്ടർക്കെതിരെ മണി നടത്തിയ അസഭ്യവർഷവും മാധ്യമങ്ങൾക്കു നേരെ നടത്തിയ ആക്രമണവും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചു. ഒപ്പം പൊമ്പുളൈ ഒരുമ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങളും സി പി എമ്മിനു തിരിച്ചടിയായി.  

‘വൺ.. ടു.. ത്രീ’യിലും നടപടി

2012 മേയ് 25നു നടത്തിയ വൺ, ടൂ, ത്രീ പ്രസംഗം ഏറെ വിമർശനം നേരിട്ടതോടെ നടപടിയെടുക്കാൻ സി പി എം നിർബന്ധിതമായിരുന്നു. മണിയെ ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ആറുമാസത്തേക്ക് സംസ്ഥാന സമിതിയിൽനിന്ന് സസ്പെൻഡ് ചെയ്തതായിരുന്നു നടപടി.

ശാന്തൻപാറയിൽ 13 പേരുടെ പട്ടിക തയാറാക്കി അതിൽ മൂന്ന് പേരെ കൊന്നിട്ടുണ്ടെന്നു മണക്കാട്ട് നടത്തിയ പ്രസംഗമാണു നടപടി വിളിച്ചുവരുത്തിയത്. “ഒന്നാമനെ വെടിവെച്ചു കൊന്നു. രണ്ടാമത്തെവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ ഒരാളെയും കൊന്നു, വൺ ടൂ ത്രീ, ഫോ‍ര്‍” എന്നിങ്ങനെയായിരുന്നു മണിയുടെ പ്രസംഗം.

പ്രസംഗത്തിന്റെ പേരിൽ അന്നത്തെ യു ഡി എഫ് സർക്കാർ കേസെടുത്ത് അറസ്റ്റ് ചെയ്തതോടെ മണിക്ക് 46 ദിവസം ജയിലിൽ കിടക്കേണ്ടിവന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13നു കൊല്ലപ്പെട്ട കേസിലായിരുന്നു പ്രസംഗം കുറ്റസമ്മതമായി കണക്കാക്കി അറസ്റ്റ്. കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഏറെക്കാലം മണിയ്ക്ക് ഇടുക്കി ജില്ലയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ പ്രവേശിക്കരുതെന്നു ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നതിനാലായിരുന്നു ഇത്. കേസിൽ മണി ഉൾപ്പെടയുള്ള കുറ്റാരോപിതരെ ഈ വർഷം മാർച്ചിൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇവരുടെ വിടുതൽ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.

പൊലീസിനെതിരെ വിമർശനം

കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാര്‍ കാക്കി കുപ്പായം അഴിച്ചു വെച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണം എന്ന മണിയുടെ വാക്കുകൾ വിവാദമായി. 2014 ഒക്ടോബറിലായിരുന്നു സംഭവം. ബാ‍ര്‍ബര്‍മാരുടെ സംഘടന മണിയുടെ മുടിയും താടിയും വെട്ടില്ലെന്ന് നിലപാടെടുത്തു. തന്‍റെ വാക്കുകളിൽ മണി ഖേദം പ്രകടിപ്പിച്ചതോടെ വിവാദത്തിന് അവസാനമായി.

തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിച്ച സംഭവം

അടിമാലി ഇരുപതേക്കറിൽ എം.എം.മണി നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. പ്രസംഗത്തിൽ പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെയും മണി അവഹേളിച്ചിരുന്നു. ”പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്”- ഇതായിരുന്നു മണിയുടെ വിവാദ പരാമർശം.

നടിയെ ആക്രമിച്ച കേസിലെ പരാമർശം

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ് എന്നായിരുന്നു എം എം മണി പറഞ്ഞത്. ”ഈ കേസ് കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്. അങ്ങേരാണേല്‍ നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്‍റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഞാനിപ്പോ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല”- എം എം മണി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mm mani makes derogatory remark against cpi annie raja