തിരുവനന്തപുരം: മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മന്ത്രിയുടെ പ്രതികരണം. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അതില്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നും എം.എം.മണി വ്യക്തമാക്കി.
Also Read: വിട്ടൊഴിയാത്ത വിവാദങ്ങൾ; ഒടുവിൽ ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നുവെന്നും എം.എം.മണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്കും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സുഹൃത്ത് വഫ ഫിറോസായിരുന്നു വാഹനം ഓടിച്ചത് എന്നായിരുന്നു ശ്രീറാം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദഗതികളെ പൊളിക്കുന്നതാണ് ദൃക്‌സാക്ഷി നല്‍കിയ വെളിപ്പെടുത്തലുകള്‍. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More: ‘മദ്യപിച്ചു നിൽക്കുന്ന ആളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല’
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ മലപ്പുറം സ്വദേശി കെ.എം.ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംങ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ് കലക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.