തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. പൊലീസ് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും പൊലീസ് ജനാധിപത്യമായി പെരുമാറണമെന്നും മന്ത്രി പറഞ്ഞു.

പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും എന്നാല്‍ നിയമ വിരുദ്ധമായി പൊലീസ് മനുഷ്യരെ പീഡിപ്പിക്കുകയും കള്ളക്കേസ് ഉണ്ടാക്കുകയുമാണ് ചെയ്യുന്നതെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും മണി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് താനിത് പറയുന്നതെന്നും പൗരന്മാരുടെ അവകാശങ്ങള്‍ മാനിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പെട്ടെന്ന് നീതി ലഭിക്കുന്ന സംവിധാനമല്ല ഇപ്പോഴുള്ളതെന്ന് അഭിപ്രായപ്പെട്ട മന്ത്രി പൊലീസ് സംവിധാനത്തെ പുനരാലോചിച്ച് പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കണമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊലീസിനെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച സംഭവവും ആലപ്പുഴയില്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവവുമെല്ലാം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ