കൊല്ലം: ശബരിമല തന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് മന്ത്രി എം.എം.മണി. തന്ത്രിയെ അയ്യപ്പന് നേരിട്ട് നിയമിച്ചത് അല്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. തന്ത്രിയെ അയ്യപ്പൻ നേരിട്ടു നിയമിച്ചതാണെന്ന് കരുതരുത്. കണ്ഠരരെ പിരിച്ചുവിടാൻ സർക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്. കോടതി വിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാൽ ശിക്ഷയുണ്ടാകും,’ മന്ത്രി പറഞ്ഞു.
‘സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. താനുൾപ്പെടെയുള്ള ഹിന്ദു എംഎൽഎമാർ വോട്ടുചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നത്. സംഘപരിവാർ കാട്ടുന്ന സമരങ്ങൾ തട്ടിപ്പാണ്. യുവതികൾ കയറിയാൽ ആത്മഹത്യചെയ്യുമെന്നു പറഞ്ഞ കെ.പി.ശശികലയെ ഇപ്പോൾ കാണാനില്ല. സവർണമേധാവിത്വം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ടെന്നും എന്നാൽ അത് സിപിഎമ്മിന്റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തേയും അദ്ദേഹം പരിഹസിച്ചു. അനാഥപ്രേതംപോലെയാണ് സെക്രട്ടറിയേറ്റിന് മുമ്പില്‍ ഒരാൾ നിരാഹാരസമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.