ന്യൂഡൽഹി: പൊമ്പിളൈ ഒരുമയ്ക്കെതിരെ എം.എം.മണി വിവാദ പരാമർശം നടത്തിയെന്ന ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടാൻ തീരുമാനമായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. മണിയുടെ വിവാദ പരാമർശത്തെ ചോദ്യം ചെയ്ത് ജോർജ് കൊട്ടുകുളം നൽകിയ ഹർജിയിലാണ് തീരുമാനം. രാഷ്ട്രീയ നേതാക്കൾ ഇത്തരം പരാമർശം നടത്തുന്നത് വിലക്കണമെന്നും മണിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീകോടതിയിൽ ഹർജി സമർപ്പിച്ചത്.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് എം.എം.മണി പരാമര്‍ശം നടത്തിയത്. അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നാണ് എം.എം.മണി പറഞ്ഞത്.

പരാമർശം വിവാദമായതോടെ എം.എം.മണി മറുപടിയുമായി രംഗത്തെത്തി. തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. 17 മിനിറ്റുളള തന്റെ പ്രസംഗം മുഴുവനായി കേട്ടാൽ താൻ കുറ്റക്കാരനല്ലെന്ന് എല്ലാവർക്കും ബോധ്യമാകും. എന്നാൽ പ്രസംഗത്തിൽ താൻ പറഞ്ഞത് എഡിറ്റ് ചെയ്താണ് മാധ്യമങ്ങൾ നൽകിയത്. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വ്യക്തി വിരോധമുണ്ട്. തന്റെ പ്രസംഗങ്ങൾ പലപ്പോഴും മാധ്യമങ്ങൾ മുറിച്ചെടുത്തും വളച്ചൊടിച്ചുമാണ് നൽകുന്നത്.

തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കാറുണ്ട്. വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത് സ്ത്രീകളോട് എന്നും ആദരവോടുകൂടിയേ പെരുമാറിയിട്ടുളളൂവെന്നും മണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ