തിരുവനന്തപുരം: മന്ത്രി എം.എം.മണിയുടെ വിവാദ പ്രസ്താവനയിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടുക്കി എസ്‌പിക്ക് കമ്മിഷൻ നിർദേശം നൽകി. പരാമർശം അവഹേളനപരവും ശിക്ഷാർഹവുമാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിക്കുന്ന വിവാദ പ്രസ്താവന എം.എം.മണി നടത്തിയത്. ”പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്”- ഇതായിരുന്നു മണിയുടെ വിവാദ പരാമർശം. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിനെത്തുടർന്നു ഉദ്യോഗസ്ഥരെ രൂക്ഷമായി ശാസിച്ചതിനും സബ് കലക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനും പിന്നാലെയാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകരെയും അവഹേളിച്ചുളള മണിയുടെ പ്രസംഗം.

വിവാദ പരാമർശം പുറത്തുവന്നതോടെ പെമ്പിളൈ ഒരുമൈ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രവർത്തകർ മൂന്നാറിൽ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി. മണി നേരിട്ടെത്തി മാപ്പുപറയാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു സ്ത്രീകൾ രണ്ടാം ദിവസവും സമരം തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ