തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് വടകര എംഎല്‍എ കെ കെ രമയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി എം എം മണി എംഎല്‍എ. “ഇവിടെ ഒരു മഹതി സർക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല,” എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവിന്റെ വാക്കുകള്‍.
പരാമര്‍ശത്തിന് പിന്നാലെ വലിയ തോതില്‍ പ്രതിപക്ഷ ബഹളമുണ്ടായെങ്കിലും എം എം മണി പ്രസംഗം തുടരുകയായിരുന്നു. “ടി പി ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം പേരെ പീഡിപ്പിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളം കണ്ട് ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്റെ അഭിപ്രായമതാണ്,” എം എം മണി കൂട്ടിച്ചേര്‍ത്തു.
എം എം മണിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതിഷേധം ഉന്നിയിച്ചു. തോന്നിവാസം പറയരുതെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണിയുടെ പ്രസംഗമെന്ന് സതീശന് കുറ്റപ്പെടുത്തി. എം എം മണി മാപ്പ് പറയണമെന്നും സതീശന് സഭയില്‍ ആവശ്യപ്പെട്ടു.
എം എം മണിയുടെ പ്രസംഗം സ്പീക്കര്‍ എം ബി രാജേഷ് പരിശോധിക്കുകയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പത്തു മിനിറ്റോളം നിര്‍ത്തി വയ്ക്കുകയും ചെയ്തു. എന്നാല്‍ എം എം മണി മാപ്പു പറയാതെ സഭ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ‘സ്ത്രീത്വത്തെ അപമാനിച്ച എം എം മണി നാണക്കേട്’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം സഭയ്ക്ക് പുറത്തും പ്രതിഷേധം തുടര്‍ന്നു.