തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം സേഫ്റ്റിയിലെ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടിയ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി വൈദ്യുതി മന്ത്രി എം.എം.മണി. അമിക്കസ് ക്യൂറി രാഷ്ട്രീയ കളിച്ചെന്ന് എം.എം.മണി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ വക്കീലാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു. അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിക്കെതിരെയാണ് മന്ത്രി എം.എം.മണി വിമർശനമുന്നയിച്ചത്. അമിക്കസ് ക്യൂറി റിപ്പോർട്ടിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മന്ത്രി എം.എം.മണി കോപിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.
Read More: ‘വീട്ടില്‍ വന്ന് ശല്യം ചെയ്യരുത് മേലാല്‍’; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി എം.എം.മണി
അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വിമർശനമുന്നയിച്ചിരുന്നു. റിപ്പോര്‍ട്ട് അന്തിമമെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് അന്തിമമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More: ‘മഹാപ്രളയം മനുഷ്യനിര്‍മ്മിതമോ?’; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
സംസ്ഥാനം നേരിട്ട ദുരന്തത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സർക്കാരിനെതിരായി തിരിച്ചുവിടാൻ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സർക്കാർ നിയമസഭയിലടക്കം വ്യക്തത വരുത്തിയിട്ടുള്ളതാണ്. അതേ കാര്യങ്ങൾ തന്നെയാണ് വീണ്ടും മാധ്യമങ്ങളിൽ വന്നിട്ടുള്ളത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് ഇത് പ്രചരിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറിയുടേത്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായി എന്ന് അമിക്കസ് ക്യൂറി പറയുന്നത്. ഡാം മാനേജുമെന്റില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.