മൂന്നാർ: കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം.എം.മണി. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെയുളളവർ സ്ത്രീ പീഡനത്തിൽ ആക്ഷേപം കേട്ടവരാണെന്നും ചരിത്രം ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മണി പറഞ്ഞു. സിപിഎമ്മുമാർ ആരെങ്കിലും ഇത്തരം വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ താൻ സുല്ലിടാമെന്നും മണി പറഞ്ഞു. വിവാദ പരാമർശത്തിൽ പാർട്ടിയിൽനിന്നും പരസ്യശാസന കിട്ടിയതിനുപിന്നാലെയാണ് കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മണി രംഗത്തെത്തിയത്.

സോളര്‍ കേസില്‍ ആരോപണവിധേയര്‍ക്ക് കോണ്‍ഗ്രസ് സ്ഥാനക്കയറ്റം നല്‍‌കി. നിലമ്പൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ത് പറയാനുണ്ട്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ മരണത്തില്‍ ദുരൂഹത തുടരുകയാണെന്നും മണി പറഞ്ഞു. മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം തീർക്കാൻ ഇടപെടില്ലെന്നും മണി ആവർത്തിച്ചു. സമരം തുടങ്ങിവച്ചത് കോണ്‍ഗ്രസും ബിജെപിയും ആംആദ്മിയും മാധ്യമങ്ങളും ചേര്‍ന്നാണ്. മൂന്നാര്‍ കയ്യേറ്റത്തില്‍ നിലപാടറിയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് മടിയുള്ളതിനാലാണ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതെന്നും മണി അഭിപ്രായപ്പെട്ടു.

അതിനിടെ, എം.എം.മണിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ രംഗത്തെത്തി. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാർട്ടി സിപിഎമ്മാണ്. എന്നിട്ടാണ് മണി കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നത്. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഹസ്സൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ