തിരുവനന്തപുരം: ജിഷ്ണു പ്രണോയ്‌യുടെ കുടുംബത്തിനെതിരെ അധിക്ഷേപ വാക്കുകളായി വീണ്ടും വൈദ്യുതിമന്ത്രി എം.എം.മണി. സർക്കാർ നൽകിയ 10 ലക്ഷം രൂപ തിരിച്ചു കൊടുക്കുമെന്നു പറയുന്നത് രമേശ് ചെന്നിത്തല സഹായിക്കുമെന്നു പറഞ്ഞതുകൊണ്ടാകുമെന്ന് മണി പറഞ്ഞു. ജിഷ്ണു കേസിൽ നീതി ലഭിച്ചില്ലെങ്കിൽ പണം മടക്കി നൽകുമെന്ന് അച്ഛൻ അശോകൻ ഇന്ന് പറഞ്ഞിരുന്നു. മകന്റെ ജീവന് പത്ത് ലക്ഷം രൂപയിലും വിലയുണ്ടെന്നും നീതി ലഭിച്ചെങ്കിൽ ഈ തുക സർക്കാരിന് തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ പരിഹസിച്ചുളളതാണ് മണിയുടെ വാക്കുകൾ.

ജിഷ്ണുവിന്റെ അമ്മ മഹിജയെയും മണി നേരത്തെ പരിഹസിച്ചിരുന്നു. കേസിലെ മുഴുവൻ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കാണാന്‍ വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞിട്ടുളളത്. ചിലര്‍ പറയുന്ന പോലെ മഹിജയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പോയാല്‍ അവര്‍ വാതില്‍ അടച്ചിട്ട് കാണാന്‍ സൗകര്യമില്ലെന്നു പറയും. പിന്നെ അതിലും വലിയ പണിയാവുമെന്നും മണി പറഞ്ഞിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കവേയായിരുന്നു മണിയുടെ അധിക്ഷേപം.

മഹിജ ആർഎസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും കൈകളിലെന്നും മണി ആരോപിച്ചിരുന്നു. ജിഷ്ണു പ്രണോയ് മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതിൽ വിവിധ കോണിൽനിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു എം.എം.മണിയുടെ വിവാദ പ്രസ്താവന.

തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു മരിച്ചു മൂന്നു മാസമാകുമ്പോഴും മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ പ്രതിഷേധിക്കാനാണു കുടുംബം ഡിജിപി ഓഫിസിൽ എത്തിയത്. എന്നാൽ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബലം പ്രയോഗിച്ചു നീക്കാൻ പൊലീസ് ശ്രമിച്ചതോടെ സ്ഥിതി വഷളായി. തളർന്നു വീണ മഹിജയെ ഒടുവിൽ പൊലീസ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.