ഇടുക്കി: എൽഡിഎഫിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനമുന്നയിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം.മണി. പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തിയാൽ കോൺഗ്രസിനാണ് സർവ നാശം സംഭവിക്കാൻ പോകുന്നതെന്ന് എം.എം.മണി പറഞ്ഞു. പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തിയാൽ സിപിഎമ്മിന് സർവ നാശം സംഭവിക്കുമെന്ന് എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു.
ഡൽഹിയിലുള്ള ആന്റണിക്ക് കേരളത്തിലെ സ്ഥിതി അറിയില്ലെന്ന് പറഞ്ഞ എം.എം.മണി, ആന്റണി തികഞ്ഞ പരാജയമാണെന്നും പരിഹസിച്ചു. “കോൺഗ്രസിന്റെ സ്ഥിതി ഇപ്പോൾ എന്താണെന്ന് മണി ചോദിച്ചു. വയലാർ രവിയുടെ ശബ്‌ദം കേൾക്കുന്നില്ലല്ലോ? ഇവിടെ വന്ന് വാചകമടിക്കാതെ വേറെ വല്ല പണി നോക്കുന്നതാ ആന്റണിക്ക് നല്ലത്. ഉമ്മൻ ചാണ്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രിയെങ്കിൽ കാണാമായിരുന്നു. കോവിഡ് വന്ന് പട്ടിണി കിടന്ന് ജനങ്ങൾ ചത്തൊടുങ്ങിയേനെ. കോൺഗ്രസിൽ ഉള്ളതിൽ ഭേദം ആന്റണിയാണ്. പക്ഷേ, ഇങ്ങനെ വിവരക്കേട് പറഞ്ഞാൽ എന്ത് ചെയ്യും? ആന്റണിക്ക് വല്ല വിവരവും ഉണ്ടോ? കോവിഡ് വന്നപ്പോ അന്തോണി എവിടെ പോയി കിടക്കുകയായിരുന്നു? ജനങ്ങളുടെ കാര്യങ്ങൾ കണ്ടറിഞ്ഞ് അതിനു നേതൃത്വം നൽകുന്ന പിണറായി വിജയന് ആന്റണി പാദസേവ ചെയ്യണം,” മണി പറഞ്ഞു.
കേരളത്തിൽ എൽഡിഎഫ് സർക്കാരിനു ഭരണത്തുടർച്ചയുണ്ടായാൽ അത് സർവനാശമായിരിക്കുമെന്നാണ് എ.കെ.ആന്റണി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പിബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.