കോഴിക്കോട്: കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിന് എതിരെ എ.കെ.ആന്രണി നിലപാട് സ്വീകരിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ വെളിപ്പെടുത്തി. ആന്രണിയുടെ ആ മുന്നറിയിപ്പ് കേൾക്കാതിരുന്നതിൽ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ നിലപാടാണ് ശരിയെന്ന് പിന്നീട് തെളിഞ്ഞു. അന്ന് ലീഡറെ മാറ്റണമെന്ന് ശക്തമായ പ്രചാരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ കരുണാകരനെ പുറത്താക്കിയ നിലപാടിൽ കുറ്റബോധം തോന്നുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.
ചാരക്കേസ് വിവാദം കത്തി നിന്ന 1995ലാണ് കെ.കരുണാകരനെ മാറ്റി എ.കെ.ആന്രണി കേരളത്തിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്. ലീഡറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ആന്രണിയെ കാണാൻ ചെന്ന തന്നോടും ഉമ്മൻ ചാണ്ടിയോടും അദ്ദേഹം പറഞ്ഞതായും ഹസ്സൻ വെളിപ്പെടുത്തി.
കെ.കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.ചാക്കോയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതാണ് കേരളത്തിൽ കോൺഗ്രസിലെ പിളർപ്പിന് വഴിയൊരുക്കിയതെന്നും ആന്രണി പറഞ്ഞതായും ഹസ്സൻ പറഞ്ഞു.
എം.എം.ഹസ്സൻ നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചുവെങ്കിലും ആരാണ് പറഞ്ഞതെന്ന് ചോദിച്ചതല്ലാതെ വെളിപ്പെടുത്തലിനോട് അദ്ദേഹം പ്രതികരിച്ചില്ല.
ചാരക്കേസ് വിവാദവും അതിന് തൊട്ട് മുമ്പ് കെ.കരുണാകരന് സംഭവിച്ച കാറപകടവും കോൺഗ്രസ്സിനുളളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിച്ചിരുന്നു. കോൺഗ്രസ്സിനുളളിൽ കരുണാകരനൊപ്പം നിൽക്കുന്നവരുടെ ഐ ഗ്രൂപ്പും ആന്രണിക്ക് ഒപ്പം നിൽക്കുന്നവരുടെ എ ഗ്രൂപ്പിനും പുറമെ ജി.കാർത്തികേയൻ, എം.ഐ.ഷാനവാസ്, വയലാർ രവി തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുത്തൽവാദ ഗ്രൂപ്പും രൂപം കൊണ്ടു. കരുണാകരനൊപ്പം നിന്നവരാണ് ഈ ഗ്രൂപ്പിന്രെ പ്രധാനികളായിരുന്നത്. ഇവരും കരുണാകരനെതിരെ തിരിഞ്ഞതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. കരുണാകരന് ചാരക്കേസ് വിവാദത്തിന്രെ മൂർധന്യത്തിൽ പുറത്തുപോകേണ്ടി വന്നു. കരുണാകരനൊപ്പം നിലയുറപ്പിക്കുമെന്ന് വിശ്വസിച്ചിരുന്ന മുസ്‌ലിം ലീഗും കേരളാ കോൺഗ്രസ്സും കരുണാകരനെ കൈവിട്ടു. അന്ന് എം.വി.രാഘവൻ നേതൃത്വം നൽകിയ സിഎംപി മാത്രമാണ് കരുണാകരനൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച് നിന്ന യുഡിഎഫിലെ ഘടകകക്ഷി.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ മാറ്റാൻ വഴിയൊരുക്കിയ ചാരക്കേസ് പിന്നീട് സിബിഐ അന്വേഷിക്കുകയും അത് തളളിക്കളയും ചെയ്തിരുന്നു. ഈ കേസിൽ പ്രതിയായിരുന്ന ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണൻ നൽകിയ കേസിൽ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാനുളള വിധിയും ഉണ്ടായി. കേരളത്തിലെ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സിനുളളിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചതായിരുന്നു ചാരക്കേസ് വിവാദം. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന കെ.കരുണാകരൻ പിന്നീട് കേന്ദ്ര മന്ത്രിയായി. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കരുണാകരൻ തൃശൂരിലും മകൻ കെ.മുരളീധരൻ കോഴിക്കോടും മണ്ഡലങ്ങളിൽ നിന്നും ലോക്‌സഭയിലേയ്ക്ക് മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആദ്യം രാജ്യസഭ വഴിയാണ് അദ്ദേഹം കേന്ദ്ര മന്ത്രിയായത്. പിന്നീട് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം ലോക്‌സഭയിലേയ്ക് ജയിച്ചത്.