കോട്ടയം: പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍. ഒരു പാര്‍ട്ടിയുടേയും അനൈക്യത്തെയും അഹങ്കാരത്തെയും ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പോലും അംഗീകരിക്കുകയില്ലെന്ന നിശബ്ദ താക്കീതാണ് പരാജയമെന്ന് ഹസന്‍ പറഞ്ഞു.
പരാജയപ്പെട്ടത് യുഡിഎഫിന്റെ ഘടകക്ഷിയാണെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. കെ.എം.മാണി ഒന്നാക്കിയ കേരള കോണ്‍ഗ്രസിനെ പാലാക്കാര്‍ ഇപ്പോള്‍ രണ്ടായി കണ്ടെന്നും ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യുഡിഎഫില്‍ പ്രസക്തിയുള്ളൂവെന്ന മുന്നറിയിപ്പ് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ഹസന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളും വിവാദമാകുമ്പോള്‍ അതിന് ലഭിക്കുന്ന വാര്‍ത്ത പ്രാധാന്യം കണ്ട് സായൂജ്യമടയുന്നവര്‍ ഒരു കാര്യം മറക്കരുത്, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പാര്‍ട്ടിയുടെ അനൈക്യത്തിന്റെ അസഹ്യതയും അമര്‍ഷവും പ്രകടിപ്പിക്കുന്നത് വിരല്‍തുമ്പിലൂടെയാണെന്നും ഹസന്‍ ഓര്‍മ്മിപ്പിച്ചു.
നേരത്തെ, ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം ജോസ് കെ.മാണിയാണെന്ന് പി.ജെ.ജോസഫ് എംഎല്‍എയും വിമർശിച്ചിരുന്നു. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്നായിരുന്നു ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പാലായിലെ തോല്‍വി ചോദിച്ചുവാങ്ങിയതാണെന്നും ജോസഫ് പറഞ്ഞു.
ഭരണഘടനാനുസരണം തന്നെ സമീപിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിക്കു രണ്ടില ചിഹ്നം അനുവദിക്കുമായിരുന്നു. അതിനാല്‍ ഈ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണ്. യഥാര്‍ഥ കാരണം എന്താണെന്നു യുഡിഎഫ് പഠിക്കണം. രണ്ടില ചിഹ്നം കളഞ്ഞത് ജോസ് കെ.മാണിയാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.
Read more: പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്ക്; വിമര്‍ശിച്ച് പി.ജെ.ജോസഫ്