തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പുത്തന്‍കുരിശ് പ്രേമം കാപട്യമാണെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ. സിപിഐ- സിപിഎം തർക്കത്തിന്‍റെ ഭാഗമാണ് മന്ത്രി എംഎം മണിയുടെ സബ് കലക്ടർക്കെതിരായ പ്രസ്താവനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൈയ്യേറ്റത്തിനെതിരെ ധീര നടപടി സ്വീകരിച്ച സബ് കലക്ടറെ ആർഎസ്എസിന്‍റെ ഏജന്‍റ് എന്ന് വിളിക്കുന്നു. മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വ്യവസ്ഥക്ക് നിരക്കാത്തതാണ്. മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണിതെന്നും ഹസൻ പറഞ്ഞു.
മതചിഹ്നങ്ങളിരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അതെല്ലാം പൊളിക്കാൻ ഇറങ്ങിയാൽ സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നാണ് എംഎം മണിയുടെ പരാമര്‍ശം. ആർ എസ് എസ് പറഞ്ഞിട്ടാണ് കലക്ടർ കുരിശ് പൊളിച്ചത്. ആർ എസ് എസ് ഉപജാപം നടത്തിയാണ് ഇത് ചെയ്തത്. സബ് കലക്ടർ ചെയ്യുന്നത് ഉപജാപപ്രവർത്തനമെന്നും മന്ത്രി ആരോപിച്ചു. ആർ എസ് എസ് കാരായ ഒരുത്തരും വേണ്ടെന്നും മണി വ്യക്തമാക്കി.
അയോദ്ധ്യയിൽ പളളി പൊളിച്ചതുപോലെയാണ് കുരിശ് പൊളിച്ചത്. ഞങ്ങൾ സബ് കലക്ടർക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമാണെന്നും മണി പറഞ്ഞു.