തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ വിന്‍സെന്റിനെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും തൽകാലത്തേക്ക് നീക്കിയതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. കുറ്റവിമുക്തനാകും വരെയാണ് മാറ്റിനിര്‍ത്തല്‍. വീട്ടമ്മ നല്‍കിയ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ലന്നും ഹസൻ പറഞ്ഞു.

വിൻസന്റിന് ആവശ്യമായ എല്ലാ പിന്തുണയും പാർട്ടി നൽകുമെന്ന് ഹസൻ വ്യക്തമാക്കി. വിൻസന്റിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ഹസൻ ആരോപിച്ചു. ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ട്. നെയ്യാറ്റിൻ‌കര എംഎൽഎയും സിപിഎമ്മിന്റെ ചില പ്രദേശിക നേതാക്കളുമാണ് ഗൂഢാലോചയ്ക്കു പിന്നിലെന്നും ഹസൻ പറഞ്ഞു. സ്ത്രീയുടെ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ഹസൻ ആവശ്യപ്പെട്ടു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി എം.വിൻസന്റ് രംഗത്തെത്തിയിരുന്നു. തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തോടെയാണെന്നും, ഇത്തരം കേസുകളിൽ മുൻപ് എംഎൽഎമാർ രാജിവച്ച ചരിത്രം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“വടക്കാഞ്ചേരി പീഡന കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർക്കെതിരെ പൊലീസ് ഇതുവരെയും നടപടിയെടുത്തിട്ടില്ല. എന്നാൽ ഈ കേസിൽ തന്നെ കുടുക്കാൻ മനപ്പൂർവ്വം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്?”, അദ്ദേഹം ചോദിച്ചു.

പരാതിക്കാരിയായ വീട്ടമ്മയ്ക്ക് വിഷാദരോഗമാണെന്നും, ഇതിന് ചികിത്സിക്കപ്പെട്ടെന്നും എംഎൽഎ ആരോപിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ