തിരുവനന്തപുരം: അരുവിക്കര എം.എൽ.എ ശബരിനാഥനും സബ് കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരിക്ക് സമീപമുളള കുമാരകോവിലിൽ വെച്ചായിരുന്നു വിവാഹം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശൻ എം എൽ. എ, മുൻ മന്ത്രി കെ. സി. ജോസഫ് എന്നീ കോൺഗ്രസ് നേതാക്കളും ഇരുവരുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് കുമാരകോവിലിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാർത്തികേയന്റെയും എം.ടി.സുലേഖയുടെയും മകനാണ് ശബരീനാഥ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പീക്കറായിരിക്കെ മരിച്ച ജി.കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് ശബരിനാഥ് രാഷ്ട്രീയത്തിലിറങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ഈ തിരഞ്ഞെടുപ്പിലും വൻ വിജയമാണ് അരുവിക്കര മണ്ഡലത്തിൽ നേടിയത്.

ഡോക്ടറായ ദിവ്യ എസ്.അയ്യർ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി കേരള കേഡറിൽ നിയമനം നേടി. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയായ ദിവ്യ ഇപ്പോൾ തിരുവനന്തപുരം സബ് കലക്ടറാണ്. ഐഎസ്ആർഒ മുൻ ഉദ്യോഗസ്ഥൻ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രണയ വിവരം എം എൽ എയാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. ഇത് പുറത്തുവന്നതോടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഈ​ പ്രണയം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ