കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20 വോട്ടുകൾ സ്വന്തമാക്കാന്‍ ഇരു മുന്നണികളും ശ്രമിക്കുന്നതിനിടെ സാബു എം ജേക്കബിനെ പരിഹസിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിൻ. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് വിവരം.
ട്വന്റി20 സഖ്യത്തിന്റെ വോട്ടുവേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണമെന്നും പിവി ശ്രീനിജിന്‍ മാപ്പുപറയണമെന്നും ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആവശ്യത്തോട് പരിഹാസത്തോടെയായിരുന്നു പി വി ശ്രീനിജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ”ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ….ഒരാള്‍ക്ക് കൊടുക്കാനാണ്…..” എന്നാണ് അദ്ദേഹം കുറിച്ചത്.
” എന്തും വിളിച്ചുപറയുന്ന സ്ഥലം എംഎല്‍എയെ ആദ്യം നിയന്ത്രിക്കണം. ട്വന്റി20ക്കെതിരെ നടത്തിയ ആക്രമങ്ങളില്‍ പിവി ശ്രീനിജിന്‍ മാപ്പുപറയണം. വോട്ട് മാത്രം വേണമെന്ന് പറയുന്നതില്‍ കാര്യമില്ല,” സാബു എം. ജേക്കബ് പറഞ്ഞു.
‘തൃക്കാക്കരയില്‍ വോട്ട് ആര്‍ക്കെന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കും. മനസാക്ഷി വോട്ടാണോ, അതോ മുന്നണിക്കാണോയെന്ന് യോഗം ചേര്‍ന്നു തീരുമാനിക്കും. സില്‍വര്‍ലൈനും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തും,” സാബു പറഞ്ഞു.
അതേസമയം, തൃക്കാക്കരയിൽ ട്വന്റി 20- ആം ആദ്മി സഖ്യത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അവരുടെ നിലപാട് ഇടതുപക്ഷത്തിന്റെയാണെന്നും ആശയപരമായി പിന്തുണയ്ക്കാൻ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണെന്നും അതിനാൽ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു.
”വികസന ആശയങ്ങളാണ് ആം ആദ്മി, ട്വന്റി-20 പാര്‍ട്ടികള്‍ മുന്നോട്ടുവച്ചത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്കു വരിക, അഴിമതി കുറയ്ക്കുക തുടങ്ങിയ നയങ്ങളും അവര്‍ അജന്‍ഡയായി പറയുന്നു. ഇതിനോട് യോജിച്ചുനില്‍ക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റേത്. ഈ സാഹചര്യത്തില്‍ എല്‍ ഡി എഫിനെയല്ലാതെ അവര്‍ക്കു പിന്തുണയ്ക്കാനാകില്ല. തൃക്കാക്കരയില്‍ വികസനമാണ് ഇടതിന്റെ രാഷ്ട്രീയ പ്രചാരണം. വികസനത്തെ പിന്തുണക്കുന്നവര്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കും,” സ്വരാജ് പറഞ്ഞു.
ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല എന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത്. ട്വന്റി 20യുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും. രാഷ്ട്രീയമായി കോണ്‍ഗ്രസ് ട്വന്റി20യ്ക്ക് എതിരല്ലെന്നും ആരുടെ വോട്ടും സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. ട്വന്റി 20യുടെയും ആം ആദ്മിയുടെയും വോട്ട് കിട്ടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്