കൊച്ചി: മരണത്തിനു ഒരു മാസം മുൻപ് തന്നെ തന്റെ മരണാന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് കൃത്യമായ മാർഗനിർദേശം നൽകിക്കൊണ്ടാണ് പി.ടി തോമസിന്റെ വിയോഗം. ഏറ്റവും അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ ഡിജോ കപ്പനെയാണ് തന്റെ അന്ത്യാഭിലാഷങ്ങൾ പി.ടി അറിയിച്ചത്.
പൊതുദർശനത്തിന് വെക്കുമ്പോൾ റീത്തോ മറ്റു ആഡംബരങ്ങളോ വേണ്ട, ചന്ദ്രകളഭം ചാർത്തിയുറങ്ങും എന്ന ഗാനം ചെറിയ ശബ്ദത്തിൽ വെക്കണം, രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം തുടങ്ങിയ ആഗ്രഹങ്ങളാണ് പി.ടി പങ്കുവെച്ചത്.
കഴിഞ്ഞ മാസം 22ന് ആശുപത്രിയിൽ കഴിയുമ്പോഴാണ് പി.ടി തോമസ് സുഹൃത്തിനെ വിളിച്ചു ഈ കാര്യങ്ങൾ പറഞ്ഞത്. ഭാര്യ ഉമ അറിയാതെ രഹസ്യമായാണ് വിളിക്കുന്നത് ശ്രദ്ധിച്ചു കേൾക്കണം എന്ന നിർദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങ് എങ്ങനെയാവണമെന്ന് പി.ടി തോമസ് വിശദീകരിച്ചത്.
മൃതദേഹം ദഹിപ്പിച്ച ശേഷം കുടുംബാംഗങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ചിതാഭസ്മം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ വെക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Also Read: നഷ്ടപ്പെട്ടത് ശ്രദ്ധേയനായ പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; ജേഷ്ഠ സഹോദരനെന്ന് പ്രതിപക്ഷ നേതാവ്
ഇന്ന് രാവിലെ വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റ അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനിച്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
നിലവിൽ വെല്ലൂരിലെ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് വൈകുന്നേരം റോഡ് മാർഗം ഇടുക്കി ഉപ്പുതോടുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലെത്തിക്കും. അവിടെ നിന്നും നാളെ പുലർച്ചെ കൊച്ചയിലെത്തിക്കുന്ന മൃതദേഹം രാവിലെ ഏഴ് മണിക്ക് ഡിസിസി ഓഫീസിലും എട്ടരയ്ക്ക് എറണാകുളം ടൗൺ ഹാളിലും ഉച്ചയ്ക്ക് തൃക്കാക്കര കമ്യുണിറ്റി ഹാളിലും പൊതുദർശനത്തിനും വയ്ക്കും. വൈകുന്നേരം ആറ് മണിക്ക് രവിപുരം ശ്മശാനത്തിനാലാണ് സംസ്‌കാരം.