തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് വിമാനത്തിൽ വരാം. ശമ്പള വർധനവിനൊപ്പം പ്രതിവർഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യവും എംഎൽഎമാർക്ക് ലഭിക്കും. നേരത്തെ നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാൻ മാത്രമായിരുന്നു ആനുകൂല്യം ഉണ്ടായിരുന്നത്. വിമാനയാത്രാക്കൂലി ഉൾപ്പെടുത്താൻ ശമ്പള വർധനയ്ക്കുളള ബില്ലിൽ ഭേദഗതി വരുത്തി.

എംഎല്‍‌എമാരുടെ ശമ്പളം 39,500 രൂപയില്‍നിന്ന് 70,000 രൂപയായി വർധിപ്പിച്ചിരുന്നു. മിനിമം ഇരുപതിനായിരം രൂപ ബാറ്റ എഴുതിയെടുക്കാം. ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഓഫിസ് അലവന്‍സ് 3,000 നിന്ന് 8,000 ആയും ഉയര്‍ത്തി. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55,000ല്‍ നിന്ന് 90,000 രൂപയായും ഉയര്‍ത്തിയിരുന്നു.

ജെയിംസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ശമ്പള വർധനവിന് തീരുമാനമായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായി റിട്ട. ഹൈക്കോടതി ജഡ്ജിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിഷനെ നിയമിച്ചത്. സാമാജികരും മുൻ നിയമസഭാ സാമാജികരും ഉൾപ്പെടെ പൊതുസമൂഹത്തിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചാണ് കമ്മിഷൻ മുഖ്യമന്ത്രിക്കും സ്പീക്കർക്കും ശുപാർശ കൈമാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.